Home » Top News » Kerala » തല ഭിത്തിയിലിടിപ്പിച്ചു, ശരീരത്തിൽ മുറിവുകൾ; 12 കാരനെ ഉപദ്രവിച്ച അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
2d03205d65a32b489116b8609fc6f42acd791466f7655f2ff6ad75741a127a9d.0

എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയെയും അവരുടെ ആൺസുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതായും ശരീരത്തിൽ മാരകമായ മുറിപ്പാടുകൾ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയാണ്. അമ്മയും കുട്ടിയും ആൺസുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കുട്ടി അമ്മയ്‌ക്കൊപ്പം കിടന്നതിൽ പ്രകോപിതനായാണ് ആൺസുഹൃത്ത് അതിക്രമം ആരംഭിച്ചത്. ആൺസുഹൃത്ത് കുട്ടിയുടെ കൈകൾ പിടിച്ച് തിരിച്ചശേഷം തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. ബാത്‌റൂമിൻ്റെ വാതിലിൽ തലയിടിച്ചതിനെ തുടർന്ന് കുട്ടിക്ക് പരിക്കേറ്റു.

അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ ഇയാൾ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ, അമ്മ ഈ മർദനം തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ പോലീസ് വ്യക്തമാക്കി. ഈ കേസിൽ അമ്മയാണ് ഒന്നാം പ്രതി, ആൺസുഹൃത്ത് രണ്ടാം പ്രതിയുമാണ്. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി അധികൃതരാണ് വിവരങ്ങൾ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് ഉടൻ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *