Your Image Description Your Image Description

വാഷിങ്ടൺ: ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇറാന് ശക്തമായ ബന്ധങ്ങളെന്ന ആരോപണവുമായി യു.എസ്. ആയുധങ്ങൾ നൽകിയും തന്ത്രങ്ങൾ പകർന്നും യെമൻ ആസ്ഥാനമായുള്ള റിബൽ ഗ്രൂപ്പിനെ തെഹ്റാൻ പിന്തുണക്കുകയാണെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.

മേഖലയെ അസ്ഥിരപ്പെടുത്തി ഹൂതികൾ ഏറെയായി തുടരുന്ന പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി സഹായം നിലനിൽക്കുന്നുണ്ടെന്നും ലോകത്തിന്റെ കൂട്ടായ നടപടി ഇതിനെതിരെ ആവശ്യമാണെന്നും വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് അഡ്രിയൻ വാട്സൺ പറഞ്ഞു. ഇറാന്റെ കെ.എ.എസ്-04 ഡ്രോണുകളും ഹൂതികൾ ഉപയോഗിക്കുന്ന ആളില്ലാ പേടകങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ഇറാൻ- ഹൂതി മിസൈലുകൾക്കിടയിൽ സാമ്യമുണ്ടെന്നും വൈറ്റ്ഹൗസ് ആരോപിച്ചു.

തലസ്ഥാന നഗരമായ സൻആ അടക്കം യമനിലെ ഏറെ പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികൾ ചെങ്കടൽ വഴിയുള്ള നിരവധി ചരക്കുകപ്പലുകൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇസ്രായേൽ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ റാഞ്ചുകയും ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ പാതയിൽ അപായസാധ്യത വർധിച്ചതോടെ ഇറ്റാലിയൻ- സ്വിസ് കമ്പനി എം.എസ്.സി, ഫ്രഞ്ച് കമ്പനി സി.എം.എ സി.ജി.എം, ഡെൻമാർക്കിലെ എ.പി മോളർ- മീർസെക് തുടങ്ങിയവ ഇതുവഴി ചരക്കു കടത്ത് നിർത്തിവെച്ചിട്ടുണ്ട്.

ചെങ്കടൽ സുരക്ഷിതമാക്കാൻ 20ലേറെ രാജ്യങ്ങൾ ചേർന്നുള്ള ബഹുരാഷ്ട്ര സേനയെ കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ അമേരിക്കൻ യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുമെന്ന് ഹൂതികൾ പറയുന്നു. ഇറാനെതിരെ കടുത്ത ആരോപണവുമായി യു.എസ് രംഗത്തുണ്ടെങ്കിലും തെഹ്റാൻ അവ നിഷേധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *