Your Image Description Your Image Description

സൻആ: ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഹൂതി വിമതർ സ്ഥിരമായി ആക്രമണം നടത്തുന്ന സ്ഥലത്തുവെച്ചാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ചെങ്കടലിൽ ബാബ് അൽമന്ദബിനോട് ചേർന്ന് പ്രദേശത്തുവെച്ചാണ് ആളില്ല ഡ്രോൺ കപ്പലിന് നേരെ ആക്രമണം നടത്തിയത്.

സലീഫ് തുറമുഖത്ത് നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്ന സ്ഥലമെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് നാശനഷ്ടമുണ്ടായില്ലെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണ്. ഏജൻസികൾ കപ്പലിന് നേരെ നടന്ന ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുവെന്നും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലാരാണെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രദേശത്ത് നിരവധി തവണ കപ്പലുകൾക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന് മറുപടിയായാണ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തുന്നത്.

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇറാന് ശക്തമായ ബന്ധങ്ങളെന്ന ആരോപണവുമായി യു.എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു . ആയുധങ്ങൾ നൽകിയും തന്ത്രങ്ങൾ പകർന്നും യെമൻ ആസ്ഥാനമായുള്ള റിബൽ ഗ്രൂപ്പിനെ തെഹ്റാൻ പിന്തുണക്കുകയാണെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *