Your Image Description Your Image Description

കോട്ടയം: വാഴൂരിൽ ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നക്ഷത്ര ജലോത്സവത്തിന് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. തനതു വരുമാനം ലഭിക്കുന്ന പരിപാടികൾ നടത്തുകയാണെങ്കിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തുകൾക്ക് ചെയ്യാൻ സാധിക്കുമെന്നും ജില്ലയിലെ പഞ്ചായത്തുകളിൽ ടൂറിസവുമായി ബന്ധപ്പെട്ട് ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ സഹായം അടുത്ത വർഷം മുതൽ ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വനിതകൾക്ക് പ്രാധാന്യം നൽകുക എന്ന ആശയം ഉൾക്കൊണ്ട് നടത്തിയ ഉദ്ഘാടനചടങ്ങിന്റെ വേദിയിൽ സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിലെ മുഴുവൻ വനിതാ ജനപ്രതിനിധികളെയും ജില്ലാ പഞ്ചായത്തംഗങ്ങളായ ഹേമലത പ്രേം സാഗർ, ജെസി ഷാജൻ എന്നിവരെയും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. തുടർന്ന് വാഴൂർ ഈസ്റ്റ് എയ്ഞ്ചൽ വില്ലേജിലെ ഭിന്നശേഷി കുട്ടികളുടെ ശലഭ എന്ന കലാസന്ധ്യ അരങ്ങേറി. ഡിസംബർ 22 മുതൽ 30 വരെയാണ് നക്ഷത്ര ജലോത്സവം. വാഴൂർ വലിയ തോട്ടിലെ ശാസ്താംകാവ് പൊത്തൻ പ്ലാക്കൽ ഭാഗത്ത് ചെക്ക് ഡാമിനു സമീപമാണ് നക്ഷത്രജലോത്സവും അനുബന്ധ പരിപാടികളും നടക്കുന്നത്.

കുട്ടവഞ്ചി യാത്ര, വള്ളം യാത്ര, കയാക്കിങ്, വള്ളംകളി, റിവർ ക്രോസിങ് തുടങ്ങിയവയും വിവിധ കലാപരിപാടികളും ജലോത്സവത്തോടനുബന്ധിച്ച് അരങ്ങേറും. കുട്ടവഞ്ചി യാത്ര, വള്ളം യാത്ര, കയാക്കിങ് എന്നിവയ്ക്ക് 50 രൂപയാണ് ഫീസ്. തിരുവാതിര, ഒപ്പന, മാർഗം കളി, വയലിൻ ഫ്യൂഷൻ, ഗാനമേളകൾ തുടങ്ങിയ കലാപരിപാടികൾക്കൊപ്പം നാട്ടിലെ കലാകാരന്മാർക്കായി ആർക്കും ‘ആടാം പാടാം അഭിനയിക്കാം’ എന്ന പരിപാടി സാംസ്‌കാരിക വേദിയിലും നടക്കും. ഡിസംബർ 30 ന് സമാപിക്കുന്ന നക്ഷത്ര ജലോത്സവത്തിന്റ സമാപന സമ്മേളനം വൈകിട്ട് 5.30ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *