ചെങ്കോട്ട സ്‌ഫോടനത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഫരീദാബാദ്, ലഖ്‌നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത് മുതല്‍ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതില്‍ ആറോളം പേര്‍ ഡോക്ടര്‍മാരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്‌ഫോടനം നടന്ന തലേന്ന് മുതല്‍ ഉമറിനെ കാണാതായിരുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഉമര്‍ തന്റെ കയ്യിലുള്ള അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് ദൗജ് ഗ്രാമത്തിന് സമീപം ഒളിവില്‍ പോയതാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മാത്രവുമല്ല, കഴിഞ്ഞ മാസം 30 മുതല്‍ ഉമര്‍ നബി സര്‍വകലാശാല ചുമതലകളും ഒഴിവാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
