വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഈ തിരഞ്ഞെടുപ്പ് കാലയളവിൽ തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും, മുന്നണിയിലേക്ക് പുതിയ കക്ഷികൾ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ‘ടീം യുഡിഎഫ്’ ആയിട്ടാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡ് ഡിവിഷൻ കമ്മിറ്റികൾ രൂപീകരിച്ച് കുടുംബ സംഗമങ്ങൾ നടത്തി പ്രവർത്തനങ്ങൾ ആരംഭിച്ചതായും സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ മുന്നണി വിപുലീകരിക്കുമെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
