Home » Top News » Kerala » ഭർത്താവിൻ്റെ സംരക്ഷണയിലാണെങ്കിൽ പോലും പ്രായമായ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവിന് അവകാശമുണ്ട്: ഹൈക്കോടതി
high-court-kerala.jpg (1)

അമ്മയ്ക്ക് ചെലവിനു നൽകേണ്ടത് മക്കളുടെ ധാർമികവും നിയമപരവുമായ കടമയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിൻ്റെ സംരക്ഷണയിലാണെങ്കിൽ പോലും പ്രായമായ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയും മക്കളുമുണ്ടെന്ന പേരിൽ വൃദ്ധമാതാവിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് മക്കൾക്ക് ഒളിച്ചോടാൻ കഴിയില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവിൽ പറയുന്നു.

മാതാവിന് പ്രതിമാസം 5000 രൂപ നൽകാൻ ഉത്തരവിട്ട തിരൂർ കുടുംബക്കോടതിയുടെ വിധിക്കെതിരെ മലപ്പുറം വെളിയംകോട് സ്വദേശിയായ യുവാവ് നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി. ഗൾഫിൽ ജോലി ചെയ്യുന്ന മകനിൽ നിന്നാണ് മാതാവ് ജീവനാംശം തേടിയിരുന്നത്. ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കാനുണ്ടെന്നും മാതാവിന് തുക നൽകാനാകില്ലെന്നുമാണ് മകൻ കോടതിയിൽ വാദിച്ചത്.

കൂടാതെ, മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്ന പിതാവിന് വരുമാനമുണ്ടെന്നും കന്നുകാലികളെ വളർത്തുന്നതിലൂടെ മാതാവിനും വരുമാനമുണ്ടെന്നും മകൻ വാദമുന്നയിച്ചു. എന്നാൽ, 60 വയസ്സ് കഴിഞ്ഞ മാതാവ് കന്നുകാലികളെ വളർത്തി ജീവിക്കട്ടേയെന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി വിമർശിച്ചു. ഭാര്യയും മക്കളുമുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളുടെ സംരക്ഷണത്തിൽനിന്ന് മക്കൾക്ക് ഒളിച്ചോടാനാകില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *