Home » Top News » Kerala » കുടിവെള്ള സംഭരണി തകർന്ന സംഭവം: തമ്മനത്ത് പമ്പിങ് പുനരാരംഭിച്ചു; വെള്ളമെത്താത്ത പ്രദേശങ്ങളിൽ ടാങ്കറിൽ വിതരണം
sfDG-680x450.jpg

തമ്മനത്തെ കുടിവെള്ള സംഭരണി തകർന്നതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന പമ്പിങ് വാട്ടർ അതോറിറ്റി പുനരാരംഭിച്ചു. 1.35 കോടി ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ രണ്ട് അറകളിൽ ഒന്നിന് കേടുപാടുകൾ ഇല്ലെന്ന് സാങ്കേതിക വിദഗ്ധരുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഉറപ്പിച്ചതിനെ തുടർന്നാണ് പമ്പിങ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു ടാങ്കിൻ്റെ ഒരറ തകർന്നത്, ഇതോടെ പമ്പിങ് പൂർണ്ണമായും നിർത്തിവെച്ചിരുന്നു. പമ്പിങ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി വാട്ടർ അതോറിറ്റി ജോയിൻ്റ് എം.ഡി. ഡോ. ബിനു ഫ്രാൻസിസ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പമ്പിങ് നടത്തുമ്പോൾ രണ്ടറകൾക്കിടയിലുള്ള ഭിത്തിക്ക് ക്ഷതം ഏൽക്കാതിരിക്കാൻ മണൽ ചാക്കുകൾ പാകി ബലപ്പെടുത്തിയിട്ടുണ്ട്. ദിവസേന രണ്ടുതവണയായി ഏഴുമണിക്കൂർ നടന്നിരുന്ന പമ്പിങ്, ഇപ്പോൾ മൂന്നുതവണയായി ഏഴു മണിക്കൂർ എന്ന നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം, തകർന്ന ഭാഗം പൂർണ്ണമായും വൃത്തിയാക്കി മണ്ണ് പരിശോധിച്ച് ബലപ്പെടുത്തി പുനർ നിർമ്മിക്കാനാണ് നിലവിലെ തീരുമാനം. പമ്പിങ് പുനരാരംഭിച്ചെങ്കിലും, വിതരണ ശൃംഖലയുടെ അവസാന ഭാഗങ്ങളായ പച്ചാളം, വടുതല, എസ്.ആർ.എം. റോഡ്, ചേരാനല്ലൂർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ, ബാനർജി റോഡ്, പൊന്നുരുന്നി എന്നിവിടങ്ങളിൽ ജലവിതരണം തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. ഈ പ്രദേശങ്ങളിൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *