ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തു. കേസ് അന്വേഷണത്തിനായി എൻഐഎ 10 അംഗ പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. എൻഐഎയുടെ എഡിജി വിജയ് സാക്കറെ ഈ സംഘത്തെ നയിക്കും.
ഒരു ഐ.ജി, രണ്ട് ഡി.ഐ.ജിമാർ, മൂന്ന് എസ്.പിമാർ, ഡിവൈഎസ്പിമാർ എന്നിവരടങ്ങുന്നതാണ് ഈ അന്വേഷണ സംഘം. ഡൽഹി, ജമ്മു കശ്മീർ പോലീസ് കേസ് ഫയലുകൾ എൻഐഎയ്ക്ക് കൈമാറും. കേസിന്റെ പുരോഗതി ചർച്ച ചെയ്യുന്നതിനായി എൻഐഎ ഡയറക്ടർ ജനറലും ഐ.ബി. മേധാവിയും ഇന്ന് യോഗം ചേരും.
അതേസമയം, കേസിൽ അറസ്റ്റിലായ വൈറ്റ് കോളർ ഭീകര സംഘം ഡൽഹിയിൽ നിന്ന് രണ്ട് കാറുകൾ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ കാറിനായി നിലവിൽ അന്വേഷണം തുടരുകയാണ്, ഇത് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കോൾ ലോഗുകൾ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകളെല്ലാം പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
വൈറ്റ് കോളർ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് ഒരു മതപ്രഭാഷകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി ഇയാളെ ശ്രീനഗറിലേക്ക് കൊണ്ടുപോയി. ഫരീദാബാദിലെ ഭീകര ശൃംഖലയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 2500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത വാടക വീട്ടിൽ ഇയാൾ താമസിച്ചിരുന്നതായും വിവരം ലഭിച്ചു.
