കൊച്ചിക്ക് ആഗോളതലത്തിൽ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിങ്.കോം 2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 ട്രെൻഡിംഗ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ, അതിൽ കൊച്ചിയും ഇടം നേടി. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട ഈ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച ഏക സ്ഥലവും കൊച്ചിയാണ്. കേരള ടൂറിസത്തിന് ലഭിച്ച ഈ ആഗോള അംഗീകാരം ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണെന്നും, ടൂറിസം വളർച്ചയ്ക്ക് ഇത് ഏറെ ഗുണകരമാകുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതുല്യമായ പ്രകൃതി സൗന്ദര്യവുമാണ് ആഗോള പട്ടികയിൽ ഇടം നേടാൻ കൊച്ചിയെ സഹായിച്ചതെന്ന് ബുക്കിങ്.കോം വിലയിരുത്തുന്നു. നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനം ഈ നഗരത്തിൽ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വാസ്തുവിദ്യാ ശൈലികളും ആധുനിക ആർട്ട് കഫേകളും ഇവിടെ ഒത്തുചേരുന്നു. ചൈനീസ് വലകൾ, പൈതൃകം നിറഞ്ഞ കച്ചവട കേന്ദ്രങ്ങൾ എന്നിവ അന്താരാഷ്ട്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകുന്നു. ചരിത്രപരമായ കെട്ടിടങ്ങൾ അത്യാധുനിക കലാകേന്ദ്രങ്ങളായി രൂപാന്തരപ്പെടുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികൾ കൊച്ചിയുടെ പ്രധാന ആകർഷണങ്ങളാണ്. ഇവിടുത്തെ പാചകപാരമ്പര്യവും സാംസ്കാരിക വൈവിധ്യത്തിന്റെ ഉദാഹരണമായി ബുക്കിങ്.കോം എടുത്തു കാണിക്കുന്നു.
കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലെ മറ്റ് ആകർഷക ഘടകങ്ങളെക്കുറിച്ചും ബുക്കിങ്.കോം പരാമർശിക്കുന്നുണ്ട്. ആലപ്പുഴയിലെ ശാന്തമായ കായൽ യാത്രകൾ, മൂന്നാറിലെ കോടമഞ്ഞുമൂടിയ മലനിരകളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമുള്ള ട്രെക്കിംഗ്, മാരാരി ബീച്ചിലെ സ്വർണ്ണ മണലിലുള്ള വിശ്രമം എന്നിവയെല്ലാം സഞ്ചാരികളെ അത്യധികം ആകർഷിക്കുന്നു. ലോകമെമ്പാടുനിന്നും മികച്ച യാത്രാ സൗകര്യമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടേക്കുള്ള പ്രധാന കവാടമാണെന്നതും കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
