ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 നെ അടിസ്ഥാനമാക്കി എറണാകുളം ജില്ലയിൽ നടപ്പിലാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഉന്നതികളിൽ സന്ദർശനം നടത്തി.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, ജില്ലയുടെ ചുമതല യുള്ള കമ്മീഷൻ അംഗം അഡ്വ. കെ. എൻ. സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ ഇടമലയാർ ഫോറസ്റ്റ് റേഞ്ച് പരിധിയിലെ തേര, കുട്ടമ്പുഴ റേഞ്ച് പരിധിയിലെ തലവെച്ചപ്പാറ എന്നീ ഉന്നതികളിലായിരുന്നു സന്ദർശനം.
എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമായ തേര ഗോത്രവർഗ്ഗ ഉന്നതിയിൽ മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ ഗുണഭോക്താക്കളുമായി കമ്മീഷൻ നേരിട്ട് ആശയവിനിമയം നടത്തി.
ഉന്നതിയിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന് കമ്മീഷന് ബോദ്ധ്യപ്പെട്ടു. മൂന്നിനും ആറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് അടിയന്തിരമായി തൊട്ടടുത്ത് തലവെച്ചപ്പാറയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്നും പോഷകാഹാരം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തുടർന്ന് തലവെച്ചപ്പാറ ഉന്നതി സന്ദർശിക്കുകയും ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ ലഭ്യത സംബന്ധിച്ച് ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഉന്നതിയിലെ മാതൃക അങ്കണവാടിയും സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് കമ്മീഷൻ മടങ്ങിയത്.
ജില്ലാ സപ്ലൈ ഓഫീസർ എസ്. ഒ ബിന്ദു, കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസർ പി. എസ്.മിനിമോൾ, റേഷനിങ് ഇൻസ്പെക്ടർ മാരായ ഷൈജു വർഗീസ്, വി. പി. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ.ജി മനോജ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.സുധ, കോതമംഗലം സി.ഡി.പി.ഒ പിങ്കി കെ. അഗസ്റ്റിൻ, സൂപ്പർ വൈസർ വി.ബിന്ദ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മ ജോർജ്, നൂൺമീൽ ഓഫീസർ ഷിജോ ജോർജ്, കോതമംഗലം ഡി.ഇ.ഒ ബോബി ജോർജ്, കുട്ടമ്പുഴ, നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കമ്മീഷനെ അനുഗമിച്ചു.
