എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽ നിന്നും താഴെ വീണ് നട്ടെല്ല് പൊട്ടുകയും സ്‌പൈനൽ കോഡിന് ഗുരുതരമായ ക്ഷതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് നെഞ്ച് മുതൽ താഴെക്ക് പൂർണമായും ചലനശേഷി നഷ്ടമായ അഷ്ഫറഫ് പക്ഷേ ജീവിതം തിരിച്ചുപിടിക്കാനുള്ള പുതിയ സ്വപ്നങ്ങളുമായി മുന്നോട്ട് നീങ്ങുകയാണിന്ന്. ശേഷിക്കുന്ന ജീവിതം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തന്നെയെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയിടത്തു നിന്ന് ഒരു ഉയിര്‍ത്തെഴുന്നേൽപ്പ്.
പ്രതീക്ഷകൾ നഷ്ടപ്പെട്ട് ജീവിതത്തോട് തോറ്റുകൊടുക്കാൻ അഷ്‌റഫ് തയ്യാറായിരുന്നില്ല. ഒന്ന് അനങ്ങാൻ പോലും കഴിയാതെ പ്രാഥമിക കാര്യങ്ങൾക്ക് പോലും മറ്റൊരാളുടെ സഹായം അവശ്യമായിരുന്ന അവസ്ഥയിലാണ്, നേരത്തെ മുടങ്ങിപ്പോയ പഠനം ആരംഭിക്കാൻ തീരുമാനിക്കുന്നത്. സ്വന്തം പരിശ്രമത്താൽ പഠനം തുടര്‍ന്ന് ഇപ്പോൾ പത്താം തരം തുല്യത പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി. ഇനി പ്ലസ് ടു പരീക്ഷ വിജയിക്കണമെന്നാണ് അടുത്ത ആഗ്രഹം. വീൽ ചെയറിലായതിനാൽ പി.എസ്.സി പരീക്ഷയെഴുതി ജോലി നേടാനാണ് അഷ്‌റഫ് സ്വപ്നം കാണുന്നത്.
