വിവാഹ പ്രായത്തെക്കുറിച്ചും ലിംഗഭേദപരമായ വളർത്തൽ രീതികളെക്കുറിച്ചും തുറന്നു സംസാരിച്ച് നടി ജുവൽ മേരി. സ്ത്രീകളെ വീടുകളിൽ നായ്ക്കളെപ്പോലെ പെരുമാറാനാണ് പരിശീലിപ്പിക്കുന്നതെന്നും, എന്നാൽ അവർക്ക് വേണ്ടത് പൂച്ചയുടെ മനോഭാവമായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
വിവാഹ പ്രായത്തെക്കുറിച്ച് പല രാജ്യങ്ങളിലും പല നിയമങ്ങളാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജുവൽ മേരി, “ഏഴ് വയസ്സു മുതൽ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരും, ഒമ്പത് വയസ്സു മുതൽ വിവാഹം നിയമപരമാക്കണമെന്ന് വാദിക്കുന്ന രാജ്യങ്ങളുമുണ്ട്. പത്താം വയസ്സിൽ ഗർഭിണികളാകുന്ന പെൺകുട്ടികൾ വരെയുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്? എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ. ഇവിടെ നടക്കുന്നത് അങ്ങനെയല്ല,” അവർ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കുമുണ്ടെന്നും എന്നാൽ എത്ര വലിയ കുഴിയിലാണ് തങ്ങളെന്ന് അവർ അറിയുന്നില്ലെന്നും ജുവൽ മേരി അഭിപ്രായപ്പെട്ടു. “വീട് വെക്കണം, ജോലി നേടണം, കല്യാണം കഴിക്കണം, പെണ്ണിനെ നോക്കണം, വർഷാവർഷം ട്രിപ്പ് കൊണ്ടുപോകണം. ഈ ആൺകുട്ടികളുടെ തലയിൽ ഇതെല്ലാം കൊണ്ടിട്ടത് പാട്രിയാർക്കിയാണ്. പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ദ്രോഹിക്കുന്ന സമൂഹമാണിത്. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്,” അവർ വ്യക്തമാക്കി.
പെൺകുട്ടികളോട് താൻ പറഞ്ഞു കൊടുക്കുന്ന ഒരു ഉദാഹരണമാണ് നായ്ക്കളുടെയും പൂച്ചയുടെയും കഥയെന്നും ജുവൽ മേരി പറഞ്ഞു. “കുടുംബത്തിൽ നായ്ക്കളെപ്പോലെ പെരുമാറാനാണ് കൂടുതൽ പെൺകുട്ടികളെയും പരിശീലിപ്പിക്കുന്നത്. അതായത്, വാലാട്ടി നിൽക്കണം, യജമാനൻ വരുമ്പോൾ എഴുന്നേറ്റ് കുമ്പിടണം, അവർ എന്ത് എറിഞ്ഞു തന്നാലും അത് തിരിച്ചു കൊണ്ടുപോയി കൊടുക്കണം എന്ന രീതിക്ക്. എന്നാൽ വീട്ടിലെ പൂച്ച ഇത്തരത്തിൽ ഒന്നും പെരുമാറില്ല. പൂച്ച പൂച്ചയായി തന്നെ ഇരിക്കും. നമുക്ക് അതിനെ സ്നേഹിക്കണമെങ്കിൽ അങ്ങോട്ട് പോയി കൊഞ്ചിക്കണം. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും കെട്ടിച്ചു വിടുന്ന വീട്ടിൽ ഒരു പൂച്ചയായിരിക്കണം,” ജുവൽ മേരി പറഞ്ഞു നിർത്തി.
