മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കളങ്കാവൽ’. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന് ‘യു/എ’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെൻസർ വിവരം പങ്കുവെച്ച് അണിയറപ്രവർത്തകർ പുറത്തിറക്കിയ പുതിയ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മമ്മൂക്കയുടെ സിനിമാ പോസ്റ്ററുകൾ എപ്പോഴും കിടിലൻ’ ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ചിത്രം നവംബർ 27-ന് പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നേരത്തെ ഒക്ടോബറിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും, മമ്മൂട്ടിയുടെ മടങ്ങി വരവ് വൈകിയതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘കളങ്കാവൽ’ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ. ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിലധികം സംഭവങ്ങൾ പ്രചോദനമായെങ്കിലും കഥ തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് അവതരിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി
മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസറിലെ മമ്മൂട്ടിയുടെ ചിരി ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’, ‘ഓശാന’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനായ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ഈ സിനിമ. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
