വയനാട്: ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമനങ്ങൾക്ക് പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് കേസടുത്തത്. എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
അതേ സമയം ഐസി ബാലകൃഷ്ണനെതിരായ കേസിൽ പ്രതികരിച്ച് വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം. കേസെടുത്ത സാഹചര്യത്തിൽ സ്ഥാനത്തു തുടരാൻ അർഹതയില്ല. രാജി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധ സമരം നടത്തുമെന്നും റഫീഖ് പറഞ്ഞു. ബ്രഹ്മഗിരിയിൽ കൂടുതൽ പ്രതികരണത്തിന് ഇല്ല. കമ്പനി ഉടൻ തുറക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ബ്രഹ്മഗിരി ഭരണസമിതി വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും ബ്രഹ്മഗിരിയിൽ തട്ടിപ്പ് നടന്നിട്ടില്ലെന്നും സ്വാഭാവിക നഷ്ടമാണ് ഉണ്ടായതെന്നും റഫീഖ് പറഞ്ഞു
