രാജ്യത്ത് ചരക്കുസേവന നികുതി, എക്സൈസ് തീരുവ എന്നിവയിലുണ്ടാകുന്ന പരിഷ്കരണങ്ങളെത്തുടർന്ന് നാളെ മുതൽ സിഗരറ്റുകളുടെ വില കുത്തനെ കൂടും. സിഗരറ്റുകളുടെ നീളത്തിനനുസരിച്ച് 15 മുതൽ 30 ശതമാനം വരെ വിലവർധനവാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ ഉപയോഗിക്കുന്ന 69mm, 74mm അളവിലുള്ള സിഗരറ്റുകൾക്ക് 15 ശതമാനത്തോളം വില കൂടുമ്പോൾ, പ്രീമിയം ബ്രാൻഡുകൾക്കും കിംഗ് സൈസ് സിഗരറ്റുകൾക്കും ഏറ്റവും ഉയർന്ന നികുതി സ്ലാബ് ബാധകമാകും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നികുതി വർധന നടപ്പിലാക്കുന്നത്.
പുതിയ നികുതി ഘടന പ്രകാരം സിഗരറ്റുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായാണ് വർധിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കുന്നതിനാലാണ് ഇത്തരമൊരു മാറ്റം. ഓരോ ആയിരം സിഗരറ്റുകൾക്കും 2,050 മുതൽ 8,500 രൂപ വരെ എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം കുറഞ്ഞ വലിപ്പമുള്ള (65mm വരെ) ഒരു സിഗരറ്റിന് കുറഞ്ഞത് 2 രൂപ 10 പൈസയും, കൂടിയ വലിപ്പമുള്ളവയ്ക്ക് 5.40 രൂപയിലധികവും അധിക നികുതി നൽകേണ്ടി വരും. എക്സൈസ് തീരുവയിലെ വർധനവ് കൂടിയാകുമ്പോൾ ഉപഭോക്താക്കൾ വലിയ തുക ഇനി മുതൽ ചിലവാക്കേണ്ടി വരും.
