Home » Blog » Top News » ഒരു ദശാബ്ദമായി കേരളം വർഗീയ സംഘർഷങ്ങളോട് വിടപറഞ്ഞു നിൽക്കുന്നത് പൊലീസിന്റെ കൃത്യമായ ഇടപെടലിൽ: മുഖ്യമന്ത്രി പിണറായി വിജയന്‍
pinarayivijayan

കഴിഞ്ഞ ഒരു ദശാബ്ദമായി കേരളം വർഗീയ സംഘർഷങ്ങളോട് വിടപറഞ്ഞു നിൽക്കുന്നുവെന്നും ഇതിന് കാരണം പൊലീസിന്റെ കൃത്യമായ ഇടപെടലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരീലക്കുളങ്ങരയിൽ പുതുതായി നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ സംഘർഷങ്ങൾ ഉയർന്നുവരുമ്പോൾ കർക്കശ നിലപാട് സ്വീകരിക്കുവാൻ പൊലീസിന് കഴിയുന്നുണ്ട്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ മികച്ച ശ്രദ്ധ ചെലുത്തുന്നുണ്ട്. പഴയ പൊലീസ് സ്റ്റേഷൻ എന്ന സങ്കല്പം മാറിയെന്നും പരാതിയുമായി എത്തുന്നവർക്ക് മറ്റുതരത്തിലുള്ള പരാതികൾ ഇല്ലാതിരിക്കുവാനാണ് സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിച്ച മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകുന്നതിലൂടെ കേരള പൊലീസിന് ജനസൗഹൃദപരമായ മുഖം നൽകാൻ കഴിഞ്ഞുവെന്നതും പ്രധാന കാര്യമാണ്. സ്വതന്ത്രവും നീതിയുക്തവുമായി കാര്യങ്ങൾ വിലയിരുത്തി അന്വേഷണം നടത്തി ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിയുന്നതിലൂടെ സംസ്ഥാനത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 24 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേരള പൊലീസിന്റെ സഹകരണത്തോടെ ആരംഭിച്ച റെയിൽ മൈത്രി മൊബൈൽ ആപ്പിന്റെ ലോഞ്ചും മുഖ്യമന്ത്രി നിർവഹിച്ചു.

ആലപ്പുഴ കരീലക്കുളങ്ങര കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിൽ നടന്ന ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. 2020 -21 സാമ്പത്തിക വർഷത്തിൽ കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നുന്നെങ്കിലും കേന്ദ്രവിഹിതം ലഭിക്കാതിരുന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പിൽ നിന്നും നിലവിൽ പുതിയ ഭരണാനുമതി ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു.

ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ സൗജന്യമായി വിട്ടു നൽകിയ 25 സെൻ്റ് സ്ഥലത്താണ് മൂന്ന് കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മില്ലിന് സമീപത്തെ വസ്തുവിൽ 7405 ചതുരശ്രയടി വിസ്തീർണത്തിൽ ഇരുനില കെട്ടിടമാണ് ഒരുങ്ങുന്നത്. ഒന്നാം നിലയിൽ കാത്തിരിപ്പു ഭാഗം, റിസപ്ഷൻ, പിആർഒ, എസ്എച്ച്ഓ ഓഫീസുകൾ, റൈറ്റർ ക്യാബിൻ, ക്രൈം, ലോ ആൻഡ് ഓർഡർ എസ്ഐമാരുടെ ഓഫീസുകൾ, ബെൽ ഓഫ് ആംസ്, ക്രൈം വർക്ക് മുറി, കമ്പ്യൂട്ടർ മുറി, പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി ലോക്കപ്പുകൾ, മീറ്റിംഗ് ഹാൾ, ശുചിമുറികൾ എന്നിവയാണ് സജ്ജീകരിക്കുന്നത്. രണ്ടാം നിലയിൽ കോൺഫറൻസ് ഹാൾ, പുരുഷന്മാരുടെ വിശ്രമമുറി, എഎസ്ഐമാരുടെ ഓഫീസ്, തൊണ്ടി മുറി, വർക്ക് റൂം, റെക്കോർഡ്‌സ്‌ മുറി, വനിതാ സിപിഒ വിശ്രമമുറി, അടുക്കള, ഡൈനിംഗ് ഹാൾ എന്നിവയും ഒരുക്കും. കൂടാതെ ശിശുസൗഹൃദ മുറിയും കെട്ടിടത്തിന് സമീപത്തായി നിർമ്മിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തത്തിനാണ് നിർമ്മാണ ചുമതല.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ, കായംകുളം സബ് ഡിവിഷൻ ഡിവൈഎസ്പി ബിനു കുമാര്‍, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം ലിഷ അനു പ്രസാദ്, പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലേഖ, പഞ്ചായത്തംഗം ദീപക് എരുവ, കെപിഒഎ ജില്ലാ സെക്രട്ടറി സി ആർ ബിജു, എപിഎ ജില്ലാ സെക്രട്ടറി ആന്റണി രതീഷ്, ആലപ്പുഴ കോ- ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ എംഡി പി എസ് ശ്രീകുമാർ, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ നിസാമുദ്ദീൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.