സുരക്ഷിതമായി ജീവിക്കാൻ രേഷ്മയ്ക്കും കുടുംബത്തിനും ജില്ലാ ഭരണകൂടം ഇടമൊരുക്കും. ജില്ലാ കളക്ടറുടെ അദാലത്തിൽ പരാതിയുമായി എത്തിയ പൊഴുതന ഗ്രാമപഞ്ചായത്തിലെ അഞ്ചാം യൂണിറ്റ് അംബയിൽ താമസിക്കുന്ന രേഷ്മ ഭീതിയിലാണ് കഴിയുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ അച്ഛനും മകനുമൊപ്പം സുരക്ഷിതമായി ഉറങ്ങാൻ സാധിക്കുന്നില്ല. രണ്ടേക്കർ ഭൂമിയിൽ ഒറ്റപ്പെട്ട പ്ലാസ്റ്റിക് ഷെഡ്ഡിലാണ് ഇവർ താമസിക്കുന്നത്. വന്യമൃഗ ശല്യവും മദ്യപാനികളുടെ ശല്യവും ഏറെ പ്രയാസങ്ങളാണ് കുടുംബത്തിന് നേരിടുന്നത്. ഗോത്ര വികസന മിഷൻ മുഖേന രേഷ്മയ്ക്കും കുടുംബത്തിനും താത്ക്കാലിക വാസസ്ഥലം ഒരുക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പുതിയ വീട് നിർമ്മിക്കുന്നത് വരെ താത്ക്കാലിക വാസസ്ഥലം ഒരുക്കുമെന്ന് അദാലത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് അധികൃതർ അറിയിച്ചു.
