Home » Blog » Top News » ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ പൂജപ്പുര എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം
images (27)

എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജ് പൂജപ്പുരയിൽ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ ജനുവരി 21 ന് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. ഗ്രോബൽ ക്വാണ്ടം ആന്റ് എക്‌സ്‌പൊണൻഷ്യൽ ടെക്‌നോളജീസ് മീറ്റ് ഇന്ത്യ 2026 എന്ന പേരിട്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് രംഗത്തെ ലോക പ്രശസ്ത ഗവേഷകർ പങ്കെടുക്കുന്നുണ്ട്. ക്വാണ്ടം മെക്കാനിക്‌സ് തത്വം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾ സാധാരണ കമ്പ്യൂട്ടറുകളെക്കാൾ പതിന്മടങ്ങ് വേഗത്തിലുള്ളതാണ്. ക്യൂബിറ്റുകളുപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കമ്പ്യൂട്ടറുകളാണ് ഭാവിയിൽ ലോകത്തെ നിയന്ത്രിക്കുക. മരുന്നു നിർമ്മാണം, സാമ്പത്തിക മോഡലിംഗ്, പുതിയ മെറ്റീരിയലുകളുടെ കണ്ടെത്തലുകൾ, നിർമിത ബുദ്ധി എന്നീ മേഖലകളിൽ ഈ കമ്പ്യൂട്ടറുകൾ ഉപയോഗിക്കും. സൂപ്പർ കമ്പ്യൂട്ടറുകൾ വർഷങ്ങളെടുത്തു നടത്തുന്ന പ്രവൃത്തികൾ മിനിട്ടുകൾക്കുള്ളിൽ നടത്താൻ ക്വാണ്ടം കമ്പ്യൂട്ടറുകൾക്കാവും. പൂജപ്പുര ക്യാമ്പസിൽ നടക്കുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ജയപ്രകാശ് പി അദ്ധ്യക്ഷത വഹിക്കും.

ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിലെ വിദഗ്ദരായ കാനഡയിലെ ഇന്നവേഷൻ നെറ്റ്വർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മെ സിക്‌സിക്, യൂനെസ്‌കൊ ഇന്റർനാഷണൽ തീയറിറ്റിക്കൽ ഫിസിക്‌സിലെ ഡോ. ജോസഫ് നൈമല, മൈക്രോസിസ്റ്റംസ് പ്രസിഡന്റും സിഇഒ യുമായ ഡോ: ഗോർഡൻ ഹാർലിംഗ്, സി ഡബ്ല്യൂ പെൻസ്‌ക് പ്രിൻസിപ്പൽ പാർട്ണർ ഡോ. ഗ്രിഗറി കാർപന്റെർ എന്നിവർ വിവിധ സെക്ഷനുകൾ നയിക്കും. കൂടാതെ ഡെൻമാർക്ക് ഡിടിയു നാനോലാബിലെ ഡോ. തോമസ് ക്ലോസൻ, എ ഐ. വിദഗ്ദൻ ഡോ ലൂയിജി സീരിയോ, ബെൽജീയൻ തിയറിറ്റിക്കൽ ഫിസിസ്റ്റ് ഡോ ബോബ് കോക്കെ, ക്വിബിറ്റ് ലാബിലെ ഡോ. ക്ലാരിസ്, യുഎൻഡിപി ഫിനാൻസ് ലാബിലെ ഡോ റോബർട്ട്, ഡെപ്യൂട്ടി സിഇഒ ഡോ ഡിനോ കാതൽഡോ എന്നിവർ ഓൺലൈൻ ആയും വിവിധ സെക്ഷനുകളിൽ പങ്കെടുക്കും.

ആദ്യമായാണ് ക്വാണ്ടം മേഖലയിലെ അന്താരാഷ്ട്ര വിദഗ്ദരെ ഉപയോഗപ്പെടുത്തി ഇത്തരമൊരു സമ്മേളനം കേരളത്തിൽ നടത്തുന്നത്. ഈ മേഖലയിലെ കൂടുതൽ സാധ്യതകൾക്ക് ഇത് വഴി തെളിക്കുമെന്ന് എൽ ബി എസ് ഡയറക്ടർ ഡോ. എം. അബ്ദുൾ റഹ്‌മാൻ അറിയിച്ചു