Home » Blog » Top News » മാരാമണ്‍ കൺവെൻഷൻ: സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
FB_IMG_1768396032743

മാരാമണ്‍ കൺവെൻഷനിൽ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി എട്ട് മുതല്‍ 15 വരെ മാരാമണ്‍ പമ്പ മണപ്പുറത്ത് നടക്കുന്ന കണ്‍വന്‍ഷന്‍ ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പാക്കും. സമ്മേളന നഗരിയില്‍ മഫ്തിയിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പോലിസിനെയും ക്രമീകരിക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി, നെടുമ്പ്രയാര്‍ ഉള്‍പ്പെടെ പ്രധാന കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കും. കണ്‍വന്‍ഷന്‍ നഗറിലെ താല്‍ക്കാലിക നടപ്പാലം, അപ്രോച്ച് റോഡ് എന്നിവയുടെ സുരക്ഷ പരിശോധിക്കും. നദിയിലെ ജലനിരപ്പ് ആവശ്യമെങ്കില്‍ ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറിലും മാരാമണ്‍, കോഴഞ്ചേരി പ്രദേശങ്ങളിലും തടസം കൂടാതെയുള്ള വൈദ്യതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കും.

കണ്‍വന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്‍വന്‍ഷന്‍ നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനം നടത്തും. ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി പൊതുമരാമത്ത് നിരത്ത് വിഭാഗം പൂര്‍ത്തിയാക്കും.

കണ്‍വന്‍ഷന്‍ നഗറിലെ താല്‍ക്കാലിക പന്തലിന്റെയും സ്റ്റേജിന്റെയും സുരക്ഷ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കും. ആധുനിക സൗകര്യമുള്ള ഫയര്‍ യൂണിറ്റ് ക്രമീകരിക്കും. സ്‌കൂബ ഡൈവിംഗ് ടീമിന്റെ സേവനം ഉണ്ടാകും. കണ്‍വന്‍ഷന്‍ നഗറില്‍ 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കും. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വീസ് ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സര്‍വീസും ഉണ്ടാകും.

കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യം, നിരോധിത ലഹരി വസ്തുക്കള്‍ തുങ്ങിയവയുടെ വില്‍പന തടയുന്നതിന് കര്‍ശന നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറിലെ പന്തലിന്റെ താല്‍ക്കാലിക വൈദ്യൂതികരണ ജോലി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി സാക്ഷ്യപത്രം നല്‍കുന്നതിനുള്ള നടപടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, അടൂര്‍ ആര്‍ഡിഒ എന്നിവരെ നിയോഗിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.