പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്കിപ്പുറം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. കാലത്തിന്റെ മഞ്ഞിൽ മാഞ്ഞുപോയേക്കാമായിരുന്ന ആ മനോഹര ഓർമ്മകൾക്ക് വീണ്ടും ജീവൻ നൽകിക്കൊണ്ട്, മെഗാ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്ലഹേം’ റീ-റിലീസിനൊരുങ്ങുന്നു. ഇപ്പോഴിതാ അണിയറ പ്രവർത്തകർ റീ-റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ഡിസംബർ 12-ന് ചിത്രം വീണ്ടും തിയറ്ററുകളിലെത്തും. ഈ പ്രിയപ്പെട്ട സൗഹൃദക്കൂട്ടായ്മയെ ബിഗ് സ്ക്രീനിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
1998-ൽ പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത്ലഹേം’ മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു എമോഷണൽ എവർഗ്രീൻ ക്ലാസിക്കാണ്. സിബി മലയിൽ – രഞ്ജിത്ത് എന്ന എക്കാലത്തെയും മികച്ച കൂട്ടുകെട്ട് ഒത്തുചേർന്ന ഈ ചിത്രം, സിയാദ് കോക്കറുടെ നിർമ്മാണത്തിൽ രഞ്ജിത്തിന്റെ മികച്ച തിരക്കഥയിലാണ് തിയറ്ററുകളിൽ എത്തിയത്. മഞ്ജു വാരിയര്, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവരുൾപ്പെടെയുള്ള പ്രിയതാരങ്ങൾ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിൽ, മെഗാസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇന്ന്, ക്ലാസിക് ചിത്രങ്ങളുടെ റീ-റിലീസുകൾക്ക് വൻ സ്വീകാര്യത ലഭിക്കുന്ന ഈ കാലഘട്ടത്തിൽ, ശക്തമായ റിപ്പീറ്റ് വാല്യു, ഹൃദയസ്പർശിയായ സംഗീതം, മികച്ച ദൃശ്യാനുഭവം, കൂടാതെ ഓരോ കഥാപാത്രത്തിന്റെയും മാനസികാഴം എന്നിവയാൽ ‘സമ്മർ ഇൻ ബത്ലഹേം’ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രമായി നിലനിൽക്കുന്നു. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
