വടക്കാഞ്ചേരി മണ്ഡലത്തിലെ മുളങ്കുന്നത്തുകാവിൽ 23 വർഷമായി അടച്ചുപൂട്ടി കിടക്കുന്ന കെൽട്രോൺ ഉപകമ്പനികളുടെ ഉടമസ്ഥതയിലുള്ള 12.19 ഏക്കർ ഭൂമിയിൽ കെൽട്രോണും സി-മെറ്റും സംയുക്തമായി കോമൺ ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കാനുള്ള പ്രൊപ്പോസലിന് അംഗീകാരമായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. 2003ൽ പ്രവർത്തനം അവസാനിപ്പിച്ച കെൽട്രോൺ ഉപകമ്പനികൾക്ക് കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ സംസ്ഥാനപാതയോട് ചേർന്ന് കിള്ളന്നൂർ വില്ലേജിലുളള ഭൂമി ഒഫിഷ്യൽ ലിക്വിഡേറ്ററുടെ കൈവശത്തിലായിരുന്നു. കോമൺ ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ പരിഗണിച്ച് പ്രസ്തുത ഭൂമി തുടർ നടപടികൾക്കായി കെൽട്രോണിന് വിട്ടു നൽകി കൊണ്ട് ഹൈക്കോടതി ഉത്തരവായി. കെ.പി.ഡി.എൽ, കെ.ആർ.സി.എൽ എന്നീ കെൽട്രോൺ ഉപകമ്പനികൾക്കെതിരെ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്ന വൈൻഡിങ് അപ്പ് ഉത്തരവുകളും പിൻവലിച്ചു. ഇതോടെ ഒഫീഷ്യൽ ലിക്വിഡേറ്ററുടെ പക്കലുണ്ടായിരുന്ന ആസ്തികളും രേഖകളും 2026 ജനുവരി 20ന് കെൽട്രോണിന് തിരികെ ലഭിച്ചു.
ലിക്വിഡേഷനിലുള്ള കെൽട്രോൺ ഭൂമി നിയമനടപടികൾ അവസാനിപ്പിച്ച് കെൽട്രോണിന് തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം നിയമസഭയിൽ ചോദ്യമായും സബ്മിഷനായും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടും തുടർച്ചയായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉന്നയിച്ചിരുന്നു. സി-മെറ്റിൽ എത്തിയ നിയമ – വ്യവസായ മന്ത്രി പി രാജീവ് ലിക്വിഡേഷൻ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെൽട്രോൺ – സി-മെറ്റ് ഉദ്യോഗസ്ഥരുടെ കോർ ടീം രൂപീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അഞ്ച് ഏക്കർ ഭൂമി സി-മെറ്റിന് കൈമാറുന്നതിനും, സംയുക്ത സംരംഭം തുടങ്ങുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയവുമായി ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടിയായി നിയമ – വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.
സെൻസർ ഇൻകുബേഷൻ സെൻ്റർ, സെൻസർ ഇൻ്റഗ്രേറ്റഡ് ചിപ്സ്, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയുടെ നിർമ്മാണം, കൃത്യത നിർണ്ണയിക്കൽ, ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള സംവിധാനമാണ് സെൻസർ മാനുഫാക്ചറിംഗ് കോമൺ ഫെസിലിറ്റി സെൻ്ററിൽ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്ത് ഇൻ്റർനെറ്റ് ഓഫ് തിങ്സ്, സെൻസർ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളുടേയും വ്യവസായങ്ങളുടേയും വികസനത്തിന് സഹായകരമാവുന്ന ഒന്നായി ഈ കേന്ദ്രത്തെ രൂപപ്പെടുത്താനാകും. രണ്ട് പതിറ്റാണ്ടിലേറെയായി പൂട്ടികിടക്കുന്ന സംസ്ഥാനപാതയോട് ചേർന്ന കെൽട്രോണിന്റെ ഭൂമി വ്യവസായ വികസനത്തിന് വിനിയോഗിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യമാണ് യഥാർഥ്യമാകുന്നത് എന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
