പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ കരിയറിലെ സുപ്രധാന പ്രഖ്യാപനം നടത്തി. 2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പായിരിക്കും തൻ്റെ കരിയറിലെ അവസാനത്തേത് എന്ന് താരം സ്ഥിരീകരിച്ചു. റിയാദിൽ നടന്ന ടൂറിസ് ഉച്ചകോടിയിൽ ‘2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാവുമോ’ എന്ന ചോദ്യത്തിന് “തീർച്ചയായും” എന്നായിരുന്നു റൊണാൾഡോയുടെ മറുപടി.
“അടുത്ത വർഷം എനിക്ക് 41 തികയും. പിന്നീടൊരു അഞ്ച് വർഷം കൂടി ദേശീയ കുപ്പായത്തിൽ കളിക്കാനാകില്ല,” എന്ന് വ്യക്തമാക്കിയ റൊണാൾഡോ, എന്നാൽ കഴിയുന്ന കാലത്തോളം ഫുട്ബോൾ കളിക്കുമെന്നും കൂട്ടിച്ചേർത്തു.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊഫഷണൽ കരിയറിൽ ആകെ 953 ഗോളുകൾ നേടിക്കഴിഞ്ഞു. പോർച്ചുഗലിനായി മാത്രം 143 ഗോളുകളും നേടി. സൗദി പ്രോ ലീഗ് ക്ലബ് അൽ നസറിൻ്റെ താരമായ റൊണാൾഡോയുടെ പ്രധാന ലക്ഷ്യം അടുത്ത വർഷത്തെ ലോകകപ്പും ഒപ്പം 1000 കരിയർ ഗോളുകളുമാണ്.
2022-ൽ അർജൻ്റീനയെ ലോക ചാമ്പ്യൻമാരാക്കിയ ലയണൽ മെസ്സി ഇതുവരെ ആകെ 890 ഗോളുകളാണ് നേടിയത്. ഇതിൽ 114 ഗോളുകൾ അർജൻ്റൈൻ ജേഴ്സിയിലാണ്. റൊണാൾഡോ തൻ്റെ ആറാം ലോകകപ്പിനായി ഒരുങ്ങുമ്പോൾ, കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലായാണ് 2026 ലോകകപ്പ് നടക്കുന്നത്. ഇരുവരും കളിക്കുന്ന അവസാന ലോകകപ്പായിരിക്കും 2026-ലേത് എന്നും കരുതപ്പെടുന്നു.
