തമിഴ്നാട്ടിലെ കോയമ്പത്തൂരിലും പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും കോളേജ് വിദ്യാർത്ഥിനിക്കും സ്കൂൾ വിദ്യാർത്ഥിനിക്കും നേരെ ലൈംഗികാതിക്രമം നടന്നതായ വാർത്തകൾ രാജ്യത്തെ വനിതാ സുരക്ഷാ വിഷയങ്ങൾ വീണ്ടും ചർച്ചയാക്കുകയാണ്. കോയമ്പത്തൂരിൽ വിമാനത്താവളത്തിന് സമീപം കാറിനുള്ളിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയപ്പോൾ, കൊൽക്കത്തയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന 14 വയസ്സുള്ള പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇരു സംഭവങ്ങളിലും പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാത്രിയിൽ ഒരു കാറിനുള്ളിൽ ഇരിക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയുമാണ് അക്രമികൾ നേരിട്ടത്. മൂന്ന് പേർ ചേർന്ന് ആൺ സുഹൃത്തിനെ ആക്രമിച്ചു. തുടർന്ന് പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൃത്യം ചെയ്ത ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കൊൽക്കത്തയിലെ ഡം ഡം പ്രദേശത്ത് ശനിയാഴ്ചയാണ് 14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗം നടന്നത്. ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ ഇ-റിക്ഷയിൽ ബലമായി കയറ്റി ഒരു കുടിലിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പ്രതികളിലൊരാൾ പെൺകുട്ടിയുടെ പരിചയക്കാരനായിരുന്നു. കുറ്റകൃത്യത്തിന് ശേഷം മൂന്ന് പ്രതികളും പെൺകുട്ടിയെ പോകാൻ അനുവദിച്ചെങ്കിലും, സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൂന്ന് പ്രതികൾക്കെതിരെയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ ഡം ഡം പോലീസ് സ്റ്റേഷന് പുറത്ത് ഞായറാഴ്ച പ്രകടനം നടത്തി.
