ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ എന്ന വിശേഷണം സ്വന്തമാക്കി ‘ഭ്രമയുഗം’. അക്കാദമി മ്യൂസിയം പുറത്തുവിട്ട പ്രൊമോഷണൽ വീഡിയോയിൽ ഭ്രമയുഗത്തിലെ ശ്രദ്ധേയമായ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘Where the Forest Meets the Sea’ എന്ന പ്രത്യേക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ലോകസിനിമകൾക്കൊപ്പം കൊടുമൺ പോറ്റിയും ലോകപ്രശസ്ത ഹൊറർ-മിസ്റ്റിക് ചിത്രങ്ങളായ മിഡ്സോമ്മർ , ദി വിച്ച് , ദി വിക്കർ മാൻ തുടങ്ങിയവയ്ക്കൊപ്പമാണ് ഭ്രമയുഗവും ഇടംപിടിച്ചിരിക്കുന്നത്. 2026 ഫെബ്രുവരി 12-നാണ് അക്കാദമി മ്യൂസിയത്തിൽ ചിത്രത്തിന്റെ പ്രദർശനം നടക്കുകയെന്ന് സംവിധായകൻ രാഹുൽ സദാശിവൻ നേരത്തെ അറിയിച്ചിരുന്നു.
2024ൽ പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ഭ്രമയുഗം സാങ്കേതികതയിലും പ്രകടനത്തിലും മികച്ചുനിന്ന ചിത്രമാണ്. ഏകദേശം 50 കോടിയോളം രൂപ ആഗോളതലത്തിൽ കളക്ട് ചെയ്ത ചിത്രത്തിലെ, കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ചയായിരുന്നു. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
