Home » Top News » Kerala » ഹിറ്റ്മാന്റെ ഒന്നാം സ്ഥാനം നഷ്ടമായി, ഐസിസി റാങ്കിംഗിലെ പുതിയ രാജാവ് ഈ താരം
Virat_Kohli-Rohit_Sharma

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടി ആഴ്ചകൾക്കകം രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡാരില്‍ മിച്ചലാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ പുതിയ താരം. ഒരു റേറ്റിംഗ് പോയിന്റിന്റെ (മിച്ചൽ-782, രോഹിത്-781) പിൻബലത്തിലാണ് മിച്ചൽ ഒന്നാമതെത്തിയത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനാണ് മൂന്നാം സ്ഥാനത്ത്.

മിച്ചലിന്റെ കരിയറിലെ ഏഴാമത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ന്യൂസിലൻഡ് താരമാണ് മിച്ചൽ. 1979-ൽ ഒന്നാം സ്ഥാനം വഹിച്ചിരുന്ന ഗ്ലെൻ ടർണർ മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു കിവീസ് താരം. മാർട്ടിൻ ക്രോ, കെയ്ൻ വില്യംസൺ തുടങ്ങി നിരവധി ന്യൂസിലൻഡ് ബാറ്റ്സ്മാൻമാർ മുമ്പ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയിരുന്നുവെങ്കിലും ഒന്നാം സ്ഥാനത്തെത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല.

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്തും മുൻ ക്യാപ്റ്റൻ വിരാട് കോലി അഞ്ചാം സ്ഥാനത്തും മാറ്റമില്ലാതെ തുടരുന്നു. ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ പാകിസ്ഥാൻ താരം ബാബർ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. അയർലൻഡിന്റെ ഹാരി ടെക്റ്റർ ഏഴാമതും ശ്രേയസ് അയ്യർ എട്ടാം സ്ഥാനത്തും തുടരുന്നു.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയതിന് ശേഷം പാകിസ്ഥാൻ താരങ്ങളും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തി. മുഹമ്മദ് റിസ്വാൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തും സഹ ഓപ്പണർ ഫഖർ സമാനും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 26-ാം സ്ഥാനത്തും എത്തി. ബൗളർമാരിൽ സ്പിന്നർ അബ്രാർ അഹമ്മദ് 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. ഏകദിന ബൗളിംഗ് പട്ടികയിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറാം സ്ഥാനത്തുള്ള കുൽദീപ് യാദവാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം

Leave a Reply

Your email address will not be published. Required fields are marked *