Home » Blog » Kerala » സ്വർണ്ണ മോഷ്ടാക്കളെ അയ്യപ്പൻ ചെവിക്ക് പിടിച്ച് പുറത്താക്കി’; നിയമസഭയിലും ഇത് ആവർത്തിക്കും: കെ.സി. വേണുഗോപാൽ
KC_VENUGOPAL (1)

തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തെ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ വിശേഷിപ്പിച്ചത് ശക്തമായ വാക്കുകളിലാണ്. “അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്, ഇത് നിയമസഭയിലും ഉണ്ടാവും,” അദ്ദേഹം പറഞ്ഞു. നിലവിലെ ഇടതുപക്ഷ സർക്കാരിനെ ആട്ടിപ്പായിക്കാൻ ജനം തയ്യാറായി നിൽക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമുയർത്തിയ വേണുഗോപാൽ, മുഖ്യമന്ത്രിയുടെ ‘സ്വഭാവ സർട്ടിഫിക്കറ്റിനുള്ള’ മറുപടിയാണ് ജനങ്ങൾ നൽകിയതെന്ന് വ്യക്തമാക്കി. “ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാതെ മുഖ്യമന്ത്രി എന്തു പറയുന്നു എന്നത് കേരളത്തിലെ ജനങ്ങൾ ഒന്നുംകൂടി ചിന്തിക്കും. ഈ സർക്കാരിന് ഇനി ഒരിഞ്ചു പോലും മുന്നോട്ട് പോകാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ഇത് യു.ഡി.എഫിന്റെ ഉജ്ജ്വലമായ തിരിച്ചുവരവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സ്വീകരിച്ച നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ശബരിമലയെ അവർ പുച്ഛിച്ച് തള്ളുകയായിരുന്നു. സി.പി.എമ്മിന്റെ ഔദാര്യത്തിലാണ് പലയിടത്തും ബി.ജെ.പി. വിജയിച്ചതെന്നും, സി.പി.എമ്മിനുണ്ടായ ആശയദാരിദ്ര്യമാണ് തോൽവിക്ക് കാരണമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. പാർട്ടി നിലപാടിന് എതിരായാണ് സർക്കാർ മുന്നോട്ട് പോയത്. അത് മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന ശൈലി തുടരാൻ വേണ്ടിയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും യു.ഡി.എഫ്. നല്ല വിജയം നേടിയത് പ്രവർത്തകരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം പ്രശംസിച്ചു.