ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ മുൻ താരം മുഹമ്മദ് കൈഫ് ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. നിലവിൽ ഇന്ത്യൻ ടീമിലെ കളിക്കാർ തികഞ്ഞ ഭയത്തോടെയാണ് കളിക്കുന്നതെന്നും, ടീമിനെ മുന്നോട്ട് നയിക്കാൻ ശക്തമായ ഒരു നേതൃനിര അവിടെയില്ലെന്നും കൈഫ് തുറന്നടിച്ചു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. “ഇന്ത്യൻ ടീമിൽ ആശയക്കുഴപ്പങ്ങൾ പ്രകടമാണ്. കളിക്കാർക്ക് ടീമിലെ തങ്ങളുടെ സ്ഥാനത്തിൽ ഒട്ടും വിശ്വാസമില്ല. ടീമിന് വേണ്ടി ശക്തമായി നിലകൊള്ളാൻ ഒരു നേതൃനിര ഇല്ലെന്നതാണ് വലിയ പ്രശ്നം. ആരും തങ്ങളെ പിന്തുണയ്ക്കാനായി കൂടെയുണ്ടെന്ന തോന്നൽ താരങ്ങൾക്കില്ല. അതിനാൽത്തന്നെ ആരും സ്വതന്ത്രമായി കളിക്കുന്നില്ല. ടീമിലെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമാണ് ഓരോ കളിക്കാരന്റെയും ഉള്ളിൽ,” കൈഫ് പറഞ്ഞു.
താരങ്ങളെ ഒഴിവാക്കിയതിലെ ആശയക്കുഴപ്പവും അദ്ദേഹം ചൂണ്ടിക്കാട്ടി. രഞ്ജിയിൽ സെഞ്ച്വറി നേടിയ ശേഷവും സർഫറാസ് ഖാന് ടീമിൽ സ്ഥാനം ഉറപ്പിക്കാനോ മതിയായ അവസരങ്ങൾ ലഭിക്കാനോ കഴിഞ്ഞില്ല, തുടർന്ന് സർഫറാസ് ടീമിന് പുറത്തായി. അതുപോലെ 87 റൺസ് നേടിയ സായി സുദർശനും അടുത്ത ടെസ്റ്റിൽ അവസരം നിഷേധിക്കപ്പെട്ടു. ഈ ടീമിൽ നിലനിൽക്കുന്നത് വലിയ ആശയക്കുഴപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു നിർണായക നിരീക്ഷണവും കൈഫ് പങ്കുവെച്ചു. ചെന്നൈയിൽ നിന്നും വളർന്നു വന്ന താരങ്ങളെ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് വിജയം നേടാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സ്പിൻ പിച്ചുകളിൽ കളിച്ചു വളർന്നതുകൊണ്ടാണ് സുന്ദറിന് മികച്ച പ്രകടനം നടത്താനായത്. സ്പിൻ ബൗളിങ്ങിൽ വൈദഗ്ധ്യമുള്ള താരമാണ് സുന്ദർ. സായി സുദർശനും ചെന്നൈയിൽ നിന്നുള്ള താരമാണ്. സായി മൂന്നാം നമ്പറിലും സുന്ദർ എട്ടാം നമ്പറിലും കളിച്ചിരുന്നെങ്കിൽ ഇന്ത്യ ഈ ടെസ്റ്റ് മത്സരം വിജയിക്കുമായിരുന്നു. സ്പിൻ നന്നായി കളിക്കാൻ സായിക്ക് അറിയാം, എന്നിട്ടും സായി ടീമിൽ പോലുമില്ല,” കൈഫ് വ്യക്തമാക്കി.
