സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായെത്തിയത് പോക്സോ കേസ് പ്രതി; സ്കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിൽ സ്കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം.നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് ​ഗുരുതര വീഴ്ച്ചയാണെന്നും ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോക്സോ കേസ് പ്രതി പരിപാടിയിൽ പങ്കെടുത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഹെഡ്‍മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിലാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ അതിഥിയായെത്തിയത്. സംഭവം വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെട്ടതും അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതും.

അതേസമയം, മുകേഷ് എം.നായരെ പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ മാപ്പറിയിച്ച് സഹസംഘാടകരായ ജെസിഐ കത്തുനൽകി . പശ്ചാത്തലം അറിയാതെയാണ് വ്ലോഗറെ പങ്കെടുപ്പിച്ചത്. പശ്ചാത്തലം പരിശോധിക്കാത്തത് തെറ്റായിപ്പോയി. സ്കൂളിനും പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നെന്നും ജെസിഐ കത്തിൽ പറയുന്നു. സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെ നൽകുന്ന സന്നദ്ധ സംഘടനയായ ജെസിഐ ആണ് മുൻകൂട്ടി അറിയിക്കാതെ മുകേഷിനെ ചടങ്ങിലേക്കു ക്ഷണിച്ചുകൊണ്ടു വന്നതെന്നായിരുന്നു പ്രിൻസിപ്പൽ പ്രദീപ് കുമാർ ഡിഡിക്കു മൊഴി നൽകിയത്.