സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ സൈബർ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ട്. മോശം പോസ്റ്റുകൾ, കമന്റുകൾ, വ്യാജ സന്ദേശങ്ങൾ എന്നിവ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളെ കെണിയിൽ വീഴ്ത്താൻ സാധ്യതയുള്ളതിനാൽ, ഓരോ യൂസറും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരമാവധി പ്രൈവറ്റ് ആയി സെറ്റ് ചെയ്യുക എന്നതാണ് സുരക്ഷ ഉറപ്പാക്കാനുള്ള ആദ്യപടി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം അക്കൗണ്ട് പ്രൈവറ്റാക്കി സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. അതുപോലെ, സാമൂഹ്യ മാധ്യമങ്ങളിൽ നിങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകളും കമന്റുകളും കാണാൻ കഴിയുന്നവരുടെ എണ്ണം നിയന്ത്രിക്കുക. നിങ്ങളുടെ ഉള്ളടക്കം ആരിലേക്കൊക്കെ എത്തണം എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട്.
ഇൻബോക്‌സുകളിലും ജാഗ്രത പാലിക്കണം. ആർക്കൊക്കെ നിങ്ങളുടെ ഇൻബോക്‌സിലേക്ക് സന്ദേശങ്ങൾ അയക്കാം എന്നതിലും നിയന്ത്രണങ്ങൾ വരുത്തുന്നതാണ് സുരക്ഷിതം. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവർക്ക് മാത്രം മെസേജ് അയക്കാൻ അവസരം നൽകുന്നതാണ് നല്ലത്. ഫോൺ നമ്പർ, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ സോഷ്യൽ മീഡിയ വഴി അനവശ്യമായി പങ്കുവെക്കാതിരിക്കുക. അഥവാ ആർക്കെങ്കിലും നൽകേണ്ടിവന്നാൽ അതിന്റെ ആവശ്യവും കാരണവും പരിശോധിച്ച് ഉറപ്പുവരുത്തണം.
കൂടാതെ, നിങ്ങൾക്ക് സംശയാസ്പദമായി തോന്നുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ, കമന്റുകൾ, മെസേജുകൾ എന്നിവയുടെയെല്ലാം സ്‌ക്രീൻഷോട്ടുകൾ എടുത്ത് സൂക്ഷിക്കുന്നത് ഭാവിയിൽ സഹായകമാകും. ഇമെയിലുകളും മെസേജുകളും പോസ്റ്റുകളും സേവ് ചെയ്യുന്നതും ഗുണകരമായേക്കാം. സംശയാസ്പദമായ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, എഫ്‌ബിയിലും ഇൻസ്റ്റഗ്രാമിലും എക്‌സിലുമെല്ലാം ദൃശ്യമാകുന്ന യൂസർനെയിം രേഖപ്പെടുത്താനും ശ്രദ്ധിക്കണം.
