Home » Blog » Kerala » സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല, കോടതിയെ സമീപിച്ച് ‘ജനനായകൻ’ നിർമ്മാതാക്കൾ
thalapathy-vijay-unveils-jana-nayagan-on-republic-day

ദളപതി വിജയ് യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ തുടരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകാതെ മനപ്പൂർവ്വം റിലീസ് തടയുകാണെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിപിച്ചിരിക്കുകയാണ്. നേരത്തെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും നേരത്തെ പ്രഖ്യാപിച്ച നിലയിൽ ജനുവരി 9ന് തന്നെ ചിത്രം റിലിസിനെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്.

മദ്രാസ് ഹൈക്കോടതിയെ ആണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇപ്പോൾ സമീപിച്ചിരിക്കുന്നത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് വൈകിപ്പിക്കുന്ന നടപടിയെ ചോദ്യം ചെയ്താണ് നിർമാതാക്കൾ ഹരജി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരജിയിൽ കോടതി വാദം കേൾക്കും. വൈകാതെ തന്നെ ഇത് സംബന്ധിച്ച നടപടിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിൽ കൃത്യമായ കാരണങ്ങൾ സെൻസർ ബോർഡ് നൽകിയിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം. കോടതിയിൽ തങ്ങളുടെ വാദങ്ങൾ സെൻസർ ബോർഡ് അവതരിപ്പിച്ചേക്കാം.

അതേസമയം, ജനുവരി 9ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്ന ജനനായകനായി വമ്പൻ ഫാൻ ഷോകളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും രാവിലെ ആറ് മണിക്ക് ആദ്യ ഷോകൾ നടത്താനാണ് തീരുമാനിയിരിക്കുന്നത്. ഇപ്പോൾ റിലീസ് പ്രതിസന്ധിയിലായതോടെ വലിയ ആശങ്കയിലാണ് വിജയ് ആരാധകർ.