പൊതുജനങ്ങളില്‍നിന്ന് വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം തേടാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനം ജില്ലയില്‍ പുരോഗമിക്കുന്നു. 2026 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന പ്രോഗ്രാമിന് മുന്നോടിയായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെയും കര്‍മസേന അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം-ഘടനയും പ്രവര്‍ത്തനവും, അഭിപ്രായ ശേഖരണം എങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ക്ക് ക്ലാസുകള്‍ നല്‍കി. വിവരശേഖരണത്തിനായുള്ള മൊബൈല്‍ ആപ്പും പരിപാടിയില്‍ പരിചയപ്പെടുത്തി. ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി ഇതിനകം 1500ഓളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അസംബ്ലിതല ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കര്‍മസേനാ അംഗങ്ങള്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നത്.
നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ജനങ്ങളില്‍നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിക്കുക, നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങള്‍ തേടുക, വികസന-ക്ഷേമ പരിപാടികള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തില്‍ അഭിപ്രായമറിയുക, പുതിയ തൊഴിലവസരങ്ങള്‍, വികസന പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസന-ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങള്‍.
പരിശീലനം പൂര്‍ത്തിയാക്കിയ കര്‍മസേനാംഗങ്ങള്‍ വീടുകള്‍, തൊഴില്‍ശാലകള്‍ കൃഷിയിടങ്ങള്‍, ഫ്ളാറ്റുകള്‍, ഉന്നതികള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍, ഗ്രാമീണ തൊഴിലുറപ്പ് മേഖലകള്‍, പൊതുഇടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കും.
