Home » Blog » Top News » സന്നിധാനത്ത് അയ്യപ്പന്മാർക്ക് സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ
FB_IMG_1767370906751

മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് അനുഭവപ്പെടുന്ന പേശീവലിവ്, സന്ധി പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ സന്നിധാനത്ത്. പത്തനംതിട്ടയിലെ റീഹാബിലിറ്റേഷൻ-പാലിയേറ്റീവ് കെയർ സെന്ററും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപിസ്റ്റ് എന്നിവർ ചേർന്ന് നടത്തുന്ന സന്നിധാനത്തെ ഫിസിയോതെറാപ്പി കേന്ദ്രം കഴിഞ്ഞ അഞ്ചു വർഷമായി സന്നിധാനത്ത് പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നുള്ള ഫിസിയോതെറാപിസ്റ്റുകൾ സൗജന്യ സേവനമാണ് ഈ കേന്ദ്രത്തിൽ നൽകുന്നത്; ദേശീയ ആരോഗ്യ മിഷനിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും ഇവിടെയുണ്ട്. മണ്ഡലകാലത്ത് അറുപത്തിഅയ്യായിരത്തോളം പേർക്കും മകരവിളക്കിന് നടതുറന്ന് ഇതുവരെ മുന്നൂറോളം അയ്യപ്പ ഭക്തർക്കും ചികിത്സ നൽകിയതായി ഫിസിയോതെറാപിസ്റ്റും കേന്ദ്രത്തിന്റെ ഇൻ ചാർജുമായ എസ് നിഷാദ് പറഞ്ഞു.

 

സന്നിധാനത്തെത്തുന്ന പല അയ്യപ്പ ഭക്തർക്കും കായിക താരങ്ങളിൽ കാണപ്പെടുന്ന പേശി വലിവ്, സ്പ്രൈൻ, മസിൽ ടാപ്പിങ് എന്നീ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. ഇവ മരുന്നില്ലാതെ തന്നെ പ്രത്യേക സ്ട്രെച്ചിങ്ങിലൂടെ പെട്ടന്ന് സുഖപ്പെടുത്താനാകും. സന്നദ്ധ പ്രവർത്തനത്തിനു താല്പര്യമുള്ള ആരോഗ്യ പ്രവർത്തകരുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കി ആരോഗ്യ വകുപ്പിന്റെ അനുമതിയോടെയാണ് സന്നിധാനത്തെ ഫിസിയോതെറാപി കേന്ദ്രത്തിൽ നിയോഗിക്കുന്നതെന്നു നിഷാദ് കൂട്ടിച്ചേർത്തു. ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ പ്രവർത്തന സമയം: രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.