Home » Top News » Kerala » സഞ്ജുവിന് വേണ്ടി ജഡേജയെ വിട്ടുകൊടുക്കരുത്!; റെയ്‌നയുടെ അഭ്യർത്ഥന വൈറലാകുന്നു
78bf42213026a72d80eaf85eff5b61a892b679294dadf11d1711cbd32c2f8598.0

ഐപിഎല്ലിൽ അടുത്ത സീസണിന് മുമ്പുള്ള താരകൈമാറ്റവുമായി ബന്ധപ്പെട്ട് നിർണായക സൂചനകൾ പുറത്തുവരുന്നതിനിടെ ചെന്നൈ സൂപ്പർ കിങ്‌സിനോട് അഭ്യർത്ഥനയുമായി മുൻ താരം സുരേഷ് റെയ്‌ന. രവീന്ദ്ര ജഡേജയെ ചെന്നൈ വിട്ടുകൊടുക്കരുതെന്നും, ടീമിൻ്റെ മുന്നേറ്റത്തിന് ജഡേജ എപ്പോഴും അവിടെയുണ്ടാകണമെന്നുമാണ് റെയ്‌നയുടെ ആവശ്യം. ജഡേജ ഒരു മികച്ച താരമാണെന്നും റെയ്‌ന സ്റ്റാർ സ്‌പോർട്‌സിൻ്റെ ഒരു പരിപാടിയിൽ പറഞ്ഞു.

അതിനിടെ, ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി വലിയൊരു താരകൈമാറ്റം അന്തിമഘട്ടത്തിലാണെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് എത്തുമെന്നും, പകരം രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങൾ രാജസ്ഥാൻ റോയൽസിലേക്ക് പോകുമെന്നുമാണ് സൂചന. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ട്രേഡിനായുള്ള നടപടികൾ ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും ആരംഭിച്ചു കഴിഞ്ഞു. ബിസിസിഐയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ താരകൈമാറ്റം ഔദ്യോഗികമാവുമെന്നാണ് ഒരു ടീം അംഗം ക്രിക്ബസിനോട് പ്രതികരിച്ചത്.

ഐപിഎൽ ടീമുകൾ ഒരു താരത്തെ മറ്റൊരു ടീമിന് കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് താൽപ്പര്യപത്രം ബിസിസിഐക്ക് സമർപ്പിക്കണം. ബിസിസിഐ അത് ബന്ധപ്പെട്ട ഫ്രാഞ്ചൈസികളുമായി കൈമാറുന്ന നടപടിക്രമത്തിന് 48 മണിക്കൂർ സമയം എടുക്കും. കൂടാതെ, താരങ്ങളെ കൈമാറുമ്പോൾ നൽകേണ്ട വില വീണ്ടും ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം ഫ്രാഞ്ചൈസികൾക്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *