Home » Blog » Top News » സഞ്ചാരികള്‍ക്ക് രുചിവൈവിധ്യങ്ങളൊരുക്കാന്‍ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ്
logo-kudumbashree-512x416

രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ഇനി ഇടുക്കിയിലും. ജില്ലയിലെ ആദ്യ പ്രീമിയം കഫേ റസ്റ്റോറന്റ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീയുടെ സൂഷ്മസംരംഭ മേഖലയിലേ ശ്രദ്ധേയ ഇടപെടലാണ് കഫേ കുടുംബശ്രീയും പ്രീമിയം കഫേ സെന്ററുകളും. വാഗമണ്‍ പേട്ട ജംഗ്ഷനിലാണ് പ്രീമിയം കഫേ ആരംഭിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ സ്വാദിഷ്ടമായും മായം ചേര്‍ക്കാതെയും ഗുണമേന്മ ഉറപ്പാക്കി വനിതകളുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കും. അയ്യപ്പന്‍കോവില്‍ സ്വദേശിയും കുടുംബശ്രീ അംഗവുമായ കൃപ പ്രകാശ് ആണ് റസ്റ്റോറന്റ് നടത്തുന്നത്. വിവിധ മേഖലകളിലായി 20 ഓളം കുടുംബശ്രീ അംഗങ്ങള്‍ക്ക് രണ്ട് ഷിഫ്റ്റുകളിലായി തൊഴില്‍ ലഭിക്കും. ഡിടിപിസിയുടെ കെട്ടിടം ഏറ്റെടുത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഇവര്‍ തന്നെ ഒരുക്കുകയായിരുന്നു.

 

സംസ്ഥാനത്തെ 15ാമത് കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റേറന്റാണ് വാഗമണ്ണില്‍ തുറന്നത്. കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളോടെയാണ് കുടുംബശ്രീ രുചി വിളമ്പുക. പൂര്‍ണമായും ശീതീകരിച്ച റസ്റ്റോറന്റില്‍ ഒരുസമയം 100 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമുണ്ട്. രാവിലെ ഏഴുമുതല്‍ രാത്രി 10വരെയാണ് പ്രവര്‍ത്തന സമയം. പാഴ്‌സല്‍ സൗകര്യവും ഉണ്ടായിരിക്കും. ഇന്ത്യന്‍, ചൈനീസ് വെജി, നോണ്‍വെജ് വിഭവങ്ങളും ജ്യൂസ്, ഷേയ്ക്ക് തുടങ്ങിയവയും റസ്റ്റോറന്റില്‍ ലഭ്യമാകും. പ്രവര്‍ത്തനം തുടങ്ങി മൂന്നുമാസത്തേക്ക് സംരംഭകര്‍ക്കാവശ്യമായ പരീശീലനം കുടുംബശ്രീ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരുസമയം 25 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശൗചാലയങ്ങള്‍, കാത്തിരിപ്പിനുള്ള ഇടം എന്നിവയുമുണ്ട്.