സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്.
ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വലിയ ദുരിതമാണ് സൃഷ്ടിച്ചത്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയിൽ മരണസംഖ്യ 100 കടന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. പലയിടത്തും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. രാജ്യത്തെ 25 ജില്ലകളിൽ ഇരുപതിലും ജനജീവിതം നിശ്ചലമായെന്നാണ് റിപ്പോർട്ടുകൾ. ലങ്കൻ സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തും നിലവിൽ രക്ഷാദൗത്യത്തിൽ പങ്കുചേരുന്നുണ്ട്.
