പ്രമുഖ ചലച്ചിത്ര സംവിധായകൻ എസ്.എസ്. രാജമൗലി ഹൈദരാബാദിൽ ഒരു പരിപാടിയിൽ നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറുകയാണ്. റാമോജി ഫിലിം സിറ്റിയിൽ നടന്ന ‘ഗ്ലോബ് ട്രോട്ടർ’ പരിപാടിയിലെ സാങ്കേതിക തകരാറുകൾക്ക് ശേഷം സംസാരിക്കവെ, രാജമൗലി ഹനുമാനെക്കുറിച്ച് നടത്തിയ വികാരപരമായ പരാമർശങ്ങളാണ് വിവാദമായത്.
ഇതിന് പിന്നാലെ, 2011-ൽ അദ്ദേഹം പോസ്റ്റ് ചെയ്ത “ശ്രീരാമനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല”എന്ന പഴയ ട്വീറ്റും വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ വിവാദം പുതിയ തലത്തിലെത്തി. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് സംവിധായകനെതിരെ പോലീസ് പരാതിയും ലഭിച്ചിട്ടുണ്ട്.
രാമോജി ഫിലിം സിറ്റിയിൽ നടന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആരാധകരാണ് രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ആദ്യ കാഴ്ച കാണാൻ ഒത്തുകൂടിയത്.
ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ രാജമൗലി പ്രേക്ഷകരോട് ക്ഷമ ചോദിച്ചു. ടീമിന് ഹനുമാന്റെ അനുഗ്രഹമുണ്ടെന്ന് നേരത്തെ പറഞ്ഞ തന്റെ പിതാവ് വിജയേന്ദ്ര പ്രസാദിനെ പരാമർശിച്ചുകൊണ്ട് രാജമൗലി തെലുങ്കിൽ സംസാരിച്ചു: എനിക്ക് ദൈവത്തിൽ വലിയ വിശ്വാസമില്ല. അച്ഛൻ വന്ന് ഹനുമാൻ കൂടെയുണ്ടെന്നും നയിക്കുമെന്നും പറഞ്ഞു. ഇത് സംഭവിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. ഈ വൈകാരിക പരാമർശം ഓൺലൈനിൽ വൈറലായതോടെ, ഇത് സത്യസന്ധമായ കുറ്റസമ്മതമാണെന്ന് ഒരു വിഭാഗം പിന്തുണച്ചപ്പോൾ, ഹനുമാനെ അനാദരവോടെ സംസാരിച്ചുവെന്ന് പറഞ്ഞ് മറ്റുള്ളവർ വിമർശിച്ചു.
ഓൺലൈൻ ചർച്ചകൾക്കിടെ, രാജമൗലിയുടെ 2011-ലെ ഒരു പഴയ ട്വീറ്റ് വീണ്ടും ട്രെൻഡിംഗായി.
ഞാൻ രാമനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല, എല്ലാ അവതാരങ്ങളിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൃഷ്ണനാണ്,” ഒരു ട്വീറ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു. വിമർശകർ ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുകയും, രാജമൗലിയുടെ പരാമർശങ്ങൾ ഒരു ‘പാറ്റേൺ’ ആണെന്ന് അവകാശപ്പെടുകയും ചെയ്തു. സംവിധായകന്റെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദിൽ ഒരാൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
