Home » Top News » Top News » ശബരിമല തീര്‍ഥാടനം ശുചിത്വ- മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍
Chamber

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശുചിത്വ- മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജൈവ, അജൈവ മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തും. സന്നിധാനത്ത് പുതിയതായി സ്ഥാപിച്ച തുമ്പൂര്‍മുഴി ബിന്നുകള്‍, നിര്‍മാണം പുരോഗമിക്കുന്ന ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനത്തിനായി അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കും. അജൈവമാലിന്യം പൂര്‍ണമായും ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യും. മാലിന്യം കത്തിക്കുന്നത് പൂര്‍ണമായി ഒഴിവാക്കും. സന്നിധാനത്ത് ശേഖരിക്കുന്ന മുഴുവന്‍ അജൈവ മാലിന്യങ്ങളും ബൈയ്ല്‍ ചെയ്ത് ബണ്ടിലുകള്‍ ആക്കി സൂക്ഷിക്കും. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം നടപ്പാക്കുമെന്നും ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു.

ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *