Home » Blog » Kerala » വൻ ജനക്കൂട്ടമുണ്ടാക്കും; ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
tvk90-680x450

തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഈറോഡിൽ നടത്താൻ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബർ 16-ന് ഈറോഡ് – പെരുന്തുറൈ റോഡിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു പാർട്ടി അപേക്ഷ നൽകിയത്. എന്നാൽ, 70,000 പേരെ പ്രതീക്ഷിക്കുന്ന റാലിക്ക് വൻ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലെന്നതും പരിഗണിച്ച്, സ്ഥലം സന്ദർശിച്ചതിന് പിന്നാലെ പോലീസ് സൂപ്രണ്ട് എ. സുജാത അനുമതി നിഷേധിക്കുകയായിരുന്നു.

ഈറോഡിൽ ആദ്യം റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെയുള്ള റാലിക്കായി മാറ്റം വരുത്തി അനുമതി തേടുകയായിരുന്നു. ടിവികെയിൽ ചേർന്ന മുൻ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്റെ ശക്തികേന്ദ്രമാണ് ഈറോഡ്. തന്റെ ജനപിന്തുണയും ശക്തിയും തെളിയിക്കാനുള്ള അവസരമായാണ് സെങ്കോട്ടയ്യന്റെ നേതൃത്വത്തിൽ ടിവികെ ഈറോഡിൽ റാലിക്ക് ഒരുങ്ങിയത്. അതേസമയം, ഡിസംബർ 9-ന് വിജയ് പുതുച്ചേരിയിൽ റാലി നടത്തുന്നുണ്ട്. കരൂർ ദുരന്തത്തിനു ശേഷം തമിഴ്‌നാട് പൊലീസ് പൊതുയോഗങ്ങൾക്കും റാലികൾക്കും കർശന ഉപാധികൾ കൊണ്ടുവന്നതിന് ശേഷം പാർട്ടി നടത്തുന്ന ആദ്യ റാലിയാണിത്. പങ്കെടുക്കുന്നവരുടെ എണ്ണം, അതിർത്തി നിർണയം തുടങ്ങിയ കാര്യങ്ങളിൽ പുതുച്ചേരി പൊലീസ് പുതിയ നിബന്ധനകൾ നൽകിയിട്ടുണ്ട്.