വൺപ്ലസ് 15R സ്മാർട്ട്ഫോൺ ഡിസംബർ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി, ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ കമ്പനി പുറത്തുവിട്ടു. വൺപ്ലസ് ബ്രാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയായ 7,400 mAh ആണ് വൺപ്ലസ് 15R-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, വൺപ്ലസ് 15 ഫോണിലെ 7,300 mAh ബാറ്ററിയുടെ റെക്കോർഡ് ഈ പുതിയ മോഡൽ മറികടക്കും.
ഗെയിമിംഗിനും സ്ട്രീമിംഗിനും ദീർഘനേരം ചാർജ് നിലനിർത്താൻ കഴിയുന്ന സിലിക്കൺ നാനോസ്റ്റാക്ക് സാങ്കേതികവിദ്യയിലുള്ളതാണ് ഈ 7,400 mAh ബാറ്ററി. വൺപ്ലസ് 15R സ്മാർട്ട്‌ഫോണിന് 80 വാട്ട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുണ്ടാകും. കൂടാതെ, 165Hz റിഫ്രഷ് റേറ്റോട് കൂടിയ 1.5K അമോലെഡ് ഡിസ്‌പ്ലേയിലാണ് ഈ ഫോൺ എത്തുന്നത്. ഇതിന്റെ പീക്ക് ബ്രൈറ്റ്‌നെസ് 1,800 നിറ്റ്സ് ആയിരിക്കും. കൂടുതൽ സമയം സ്‌ക്രീനിൽ ചെലവഴിക്കുമ്പോൾ കണ്ണിന് പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള പ്രത്യേക സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
വൺപ്ലസ് 15R സ്മാർട്ട്‌ഫോണിന് 120 ഫ്രെയിംസ് പെർ സെക്കൻഡിൽ 4K വീഡിയോ റെക്കോർഡ് ചെയ്യാനുള്ള ശേഷിയുണ്ടാകും. ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 15-ൽ മാത്രം മുമ്പ് ലഭ്യമായിരുന്ന ഒരു ഫീച്ചറാണിത്. ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പറയപ്പെടുന്നതെങ്കിലും സെൻസറിന്റെ കപ്പാസിറ്റി കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. ക്വാൽകോമുമായി ചേർന്ന് രണ്ട് വർഷം കൊണ്ടാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചതെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഈ ചിപ്‌സെറ്റിൽ ഇറങ്ങുന്ന ആദ്യ ഫോണായിരിക്കും വൺപ്ലസ് 15R. ഡിസംബർ 17-ന് ബെംഗളൂരുവിൽ അവതരിപ്പിക്കുന്ന ഈ ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിന്റെ മുൻഗാമി മോഡലായ വൺപ്ലസ് 13R ഇന്ത്യയിൽ പുറത്തിറങ്ങിയത് 42,999 രൂപ വിലയ്ക്കായിരുന്നു.
