Home » Blog » Kerala » വീടിന്റെ ഗേറ്റ് തകർക്കാൻ ശ്രമിച്ച് അജ്ഞാതർ, എം.എൽ.എയെ തൊട്ടാൽ കൊന്നുകളയും എന്ന് ഭീഷണി; റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി
rini-ann-680x450

ബലാത്സംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്ന് യുവനടി റിനി ആൻ ജോർജിന് വധഭീഷണി. എം.എൽ.എയെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുപേർ വീടിന് മുന്നിലെത്തിയെന്നാണ് നടിയുടെ പരാതി. വീടിന്റെ ഗേറ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും റിനി ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പറവൂരിലെ നടിയുടെ വീടിന് മുന്നിൽ ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ഇരുചക്രവാഹനത്തിൽ ഒരാൾ എത്തുകയും ഗേറ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാൾ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു. രാത്രിയായതിനാൽ അക്രമികളുടെ മുഖം വ്യക്തമായില്ലെന്ന് റിനി പറഞ്ഞു. നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നിരുന്നെങ്കിലും ഇത് കാര്യമാക്കിയിരുന്നില്ലെന്നും, എന്നാൽ കഴിഞ്ഞ ദിവസത്തെ സംഭവം ഭയപ്പെടുത്തുന്നതാണെന്നും റിനി വിശദീകരിച്ചു.