ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയ പത്തനംതിട്ടയിലെ പന്തളത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് കനത്ത തിരിച്ചടി. പന്തളത്ത് നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ കൊട്ടയേത്ത് ഹരികുമാർ പാർട്ടി വിട്ടു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരൻ്റെ അടുത്ത ബന്ധുവാണ് ബിജെപി വിട്ട ഹരികുമാർ. ഇനി സിപിഎമ്മിൻ്റെ ഭാഗമായി പ്രവർത്തിക്കുമെന്നാണ് ഹരികുമാർ വ്യക്തമാക്കിയത്.
തൻ്റെ സ്കൂൾ കാലത്തെ അധ്യാപിക നിർമല ടീച്ചറാണ് ഹരികുമാറിനെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ഹൈസ്കൂൾ പഠനകാലത്ത് ഹരികുമാറിൻ്റെ കെമിസ്ട്രി അധ്യാപികയായിരുന്നു സ്വീകരിച്ച നിർമല ടീച്ചർ. സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആംഗവുമാണ് നിർമ്മലടീച്ചർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നിലവിൽ ഭരണമുള്ള പന്തളം മുനിസിപ്പിലാറ്റിയിൽ പാർട്ടി സ്ഥാനാർത്ഥികളായി ചിലരെ ഹരികുമാർ നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന ഹരികുമാറിൻ്റെ നിർദേശം നേതൃത്വം അംഗീകരിച്ചില്ല. തുടർന്ന് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ ഹരികുമാർ സ്വയം വിമതനായി പത്രിക നൽകിയിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിൻ്റെ ശക്തമായ സമ്മർദത്തെ തുടർന്ന് വിമത സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഹരികുമാർ പിന്മാറി. അതിന് ശേഷമാണ് സിപിഎമ്മിലേക്കുള്ള ഈ ചുവടുമാറ്റം. ജില്ലയിൽ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഇടത്ത് ജില്ലാ നേതാവായ ഹരികുമാർ പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി എന്നതാണ് വാസ്തവം.
