ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിന് കാരണം മാനസിക സമ്മർദ്ദമാവാമെന്ന് ചികിത്സിക്കുന്ന ഡോക്ടർ. മന്ദാനയെ പ്രവേശിപ്പിച്ച സാംഗ്ലിയിലെ സർവ്ഹിത് ആശുപത്രി ഡയറക്ടർ ഡോ. നമൻ ഷായാണ് എഎൻഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരക്കേറിയ വിവാഹ ഒരുക്കങ്ങൾ മൂലമുണ്ടായ ശാരീരികമോ മാനസികമോ ആയ സമ്മർദ്ദമായിരിക്കാം ഹൃദയാഘാതത്തിന് കാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക നിഗമനം. “സ്മൃതി മന്ദാനയുടെ പിതാവിന് രാവിലെ 11.30 ഓടെ നെഞ്ചിൻ്റെ ഇടതുഭാഗത്ത് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന് തുടർ നിരീക്ഷണം ആവശ്യമാണ്,” ഡോക്ടർ നമൻ ഷാ അറിയിച്ചു.
കാർഡിയോളജിസ്റ്റ് ഡോ. റോഹൻ താനേദർ അദ്ദേഹത്തെ പരിശോധിച്ചു. എക്കോകാർഡിയോഗ്രാമിൽ പുതിയ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആവശ്യമെങ്കിൽ ആഞ്ജിയോഗ്രാഫി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം മാറ്റിവെച്ചു
വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് താരത്തിന്റെ പിതാവിന് ഹൃദയാഘാതമുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും. ഇതേ തുടർന്ന് സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള മന്ദന ഫാം ഹൗസിലാണ് വിവാഹച്ചടങ്ങുകൾ നടന്നിരുന്നത്.
