കോർപറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വിക്ക് മുന്നിലാണ് പത്രിക നൽകിയത്. വിവാദങ്ങൾ പ്രചാരണത്തിന് തടസ്സമായെന്നും തൽഫലമായി പത്ത് ദിവസം നഷ്ടമായെന്നും പത്രിക സമർപ്പിച്ച ശേഷം വൈഷ്ണ സുരേഷ് പ്രതികരിച്ചു. “വാർഡിലെ ജനങ്ങളോട് വിവാദങ്ങളെക്കുറിച്ചല്ല, വികസനത്തെക്കുറിച്ചാണ് പറയാനുള്ളത്” എന്നും അവർ വ്യക്തമാക്കി.
വോട്ട് വെട്ടിയത് ക്രിമിനൽ ഗൂഢാലോചന
അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.”തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.ഐ.എം. നേതാക്കൾക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ട്. കോർപ്പറേഷനിലെ സി.പി.ഐ.എമ്മുകാരായ ചില ഉദ്യോഗസ്ഥരും ഈ ക്രിമിനൽ പ്രവർത്തിയിൽ പങ്കാളികളാണ്,” സതീശൻ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായി അന്വേഷിക്കണം. പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, അല്ലാത്തപക്ഷം യു.ഡി.എഫ്. നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
