ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ദിവസം, രാജ്യത്ത് മാത്രമല്ല, സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, 58 വർഷം മുമ്പ് ഹസീന ഭൗതികശാസ്ത്രജ്ഞനായ എം.എ. വാസദ് മിയയെ വിവാഹം കഴിച്ച നവംബർ 17 എന്ന അതേ തീയതിയിലാണ് ഇപ്പോൾ അവരുടെ വധശിക്ഷ വിധി പ്രഖ്യാപിച്ചിരിക്കുന്നത്! “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ” ആരോപിക്കപ്പെട്ട കേസിലെ വിധി ആദ്യം നവംബർ 14-ന് പ്രഖ്യാപിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, ഇത് മാറ്റിവെച്ച് വിവാഹ വാർഷിക ദിനമായ നവംബർ 17-ലേക്ക് മാറ്റിയത് ബോധപൂർവമായിരുന്നോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
1967 നവംബർ 17-നാണ് ഷെയ്ഖ് ഹസീന എം.എ. വാസദ് മിയയെ വിവാഹം കഴിക്കുന്നത്. നീണ്ട 58 വർഷങ്ങൾക്ക് ശേഷം, 2025 നവംബർ 17-ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ-ബംഗ്ലാദേശ് (ഐസിടി-ബിഡി) ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. നവംബർ 17-ന്റെ ഈ ആകസ്മികത, “ഒരു സുപ്രധാന ജുഡീഷ്യൽ തീരുമാനത്തിന് വ്യക്തിപരമായ ഒരു മാനം” നൽകിയതായി ധാക്ക ആസ്ഥാനമായുള്ള മാധ്യമമായ ‘ദി ഹെഡ്ലൈൻസും’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹസീനയുടെ വധശിക്ഷാ വിധി ആദ്യം നവംബർ 14-ന് പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 23-ന് വിചാരണ പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ തീരുമാനം. എന്നാൽ, ഈ തീയതി പിന്നീട് നവംബർ 17-ലേക്ക് മാറ്റിയത് സോഷ്യൽ മീഡിയയിൽ സംശയങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിവെച്ചു
കഴിഞ്ഞ വർഷം നടന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ നടന്ന “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക്” ഹസീനയും അവരുടെ മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലും ഉത്തരവാദികളാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ച പ്രത്യേക ട്രൈബ്യൂണൽ വിധിയെ ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫസർ മുഹമ്മദ് യൂനുസ് പ്രശംസിക്കുകയാണുണ്ടായത്.
“അധികാരം ഉണ്ടെങ്കിലും ആരും നിയമത്തിന് അതീതരല്ല” എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ വിധിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഹസീനയുടേയും കമാലിന്റെയും അസാന്നിധ്യത്തിലാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചത്.
.
