Home » Blog » Kerala » രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം
images (18)

ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. എന്നാൽ, രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാൽ ഇന്നത്തെ കോടതി നടപടി രാഹുലിനും കേസ് അന്വേഷിക്കുന്ന പോലീസിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയാണ്.’ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമാണ്’ എന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിക്കുന്നത്. അതേസമയം, കെപിസിസി പ്രസിഡന്റിന് പരാതി നൽകിയ വ്യക്തിയെ കണ്ടെത്തി മൊഴിയെടുക്കുക എന്ന നിയമപരമായ പ്രതിസന്ധിയാണ് നിലവിൽ പോലീസ് സംഘം നേരിടുന്നത്.

ബെംഗളൂരുവിൽ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നത് കേസിൽ പോലീസിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കേസിലെ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. പൊലീസിന് പകരം കെ പി സി സി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് തന്നെ ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ, ഹൈക്കോടതിയുടെ നിലപാട് ഈ വിഷയത്തിൽ സുപ്രധാനമാകും. നിലവിൽ അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതാണ് രാഹുൽ ഒളിവിൽ തുടരാൻ കാരണം. അനുകൂലമായ ഒരു തീരുമാനമുണ്ടായാൽ രാഹുൽ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം, തിരിച്ചടിയുണ്ടാവുകയാണെങ്കിൽ ഒളിവിൽ തുടരാനാണ് സാധ്യത.