പഠന പോരാട്ടത്തിനൊപ്പം ജനപ്രതിനിധിയായി നാടിനെ നയിക്കാൻ തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങിയ എൽഡിഎഫ് സ്ഥാനാർഥി എം.ജി. ഗോപിക വിജയിച്ചു. മുത്തോലി പഞ്ചായത്തിലെ ആറാം വാർഡായ കടപ്പാട്ടൂരിൽ, 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 22 കാരിയായ ഗോപികയുടെ വിജയം. കഴിഞ്ഞ 15 വർഷമായി ബിജെപി കുത്തകയാക്കി വെച്ചിരുന്ന വാർഡ് തകർത്താണ് സിപിഐഎം പ്രതിനിധിയായ ഗോപിക വാർഡ് പിടിച്ചെടുത്തത്. ഈ വിജയത്തോടെ മുത്തോലി പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി എന്ന നേട്ടവും ഗോപിക സ്വന്തമാക്കി.
തേവര എസ്.എച്ച്. കോളേജിൽ അവസാന വർഷ എം.എ. എക്കണോമിക്സ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ഗോപിക. ബാലസംഘം മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഈ യുവനേതാവ്. സിപിഐഎം കടപ്പാട്ടൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം.ജി. ഗോപാലകൃഷ്ണൻ നായരുടെയും പുഷ്പലതയുടെയും മകളാണ് എം.ജി. ഗോപിക.
