Home » Blog » Kerala » മാമ്പറക്കൽ അഹമ്മദ് അലിയായി മോഹൻലാലിന്റെ മാസ് എൻട്രി; ഞെട്ടിക്കുന്ന വേഷം വെളിപ്പെടുത്തി പൃഥ്വിരാജ്
Screenshot_20251207_090320

ലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘ഖലീഫ’. പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയ്ക്ക് ലഭിച്ച വൻ പ്രേക്ഷക പ്രതികരണത്തിന് പിന്നാലെ, സിനിമയിലെ മോഹൻലാലിന്റെ സാന്നിധ്യം പൃഥ്വിരാജ് തന്നെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്.

മാമ്പറക്കൽ അഹമ്മദ് അലി: മോഹൻലാലിന്റെ മാസ് എൻട്രി

മോഹൻലാൽ ചിത്രത്തിലെത്തുന്നത് ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന ശക്തമായ അതിഥി വേഷത്തിലാണ്. എന്നാൽ, ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ഇതിൽ ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ നായകനായി എത്തും. ആദ്യഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിൻ്റെ താരനിരയിൽ ഉണ്ടാകും.

നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയിൽ, ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ ‘മിസിസ് ഗാന്ധിയെ മുട്ടുകുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രത്തെക്കുറിച്ച് പരാമർശിച്ചിരുന്നുവെങ്കിലും, ആ വേഷം ആരാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മോഹൻലാൽ ആ വേഷത്തിലെത്തുന്നു എന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസ് എന്റെർറ്റൈനെർ

മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് സുകുമാരൻ ‘ഖലീഫ’യുടെ ആദ്യഭാഗത്തിൽ അഭിനയിക്കുന്നത്. വമ്പൻ ഹിറ്റായി മാറിയ ഗ്ലിംപ്സ് വീഡിയോ സൂചിപ്പിക്കുന്നത് സ്വർണ്ണക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ഒരു മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ്. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ.

നിർമ്മാണവും അണിയറ പ്രവർത്തകരും

‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്ക് ശേഷം ജിനു എബ്രഹാം-പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ ആണ് സഹനിർമ്മാതാവ്. ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകൾ ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ്. ‘ഖലീഫ’യുടെ ആദ്യഭാഗം 2026 ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുക.