Home » Blog » Arts » മല പുലയ ആട്ടം- തദ്ദേശീയകലാരൂപത്തിന്റെ ആവേശത്തിൽ പങ്കുചേർന്ന് മന്ത്രി വി. ശിവൻകുട്ടി
Malappulayattam

കലോത്സവത്തിന്റെ വേദി മൂന്നിൽ മുഴങ്ങിയത് വെറും ചുവടുകളല്ല, പ്രാദേശിക കലാരൂപത്തെ മുഖ്യധാരയിലേക്ക് എത്തിച്ചതിന്റെ സന്തോഷമായിരുന്നു. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തരം കലാരൂപങ്ങൾക്ക് ലഭിച്ച സ്വീകരണം നേരിട്ട് കാണാനും ആസ്വദിക്കാനുമാണ് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വേദിയിലെത്തിയത്. തദ്ദേശീയ കലാരൂപങ്ങൾക്ക് കലോത്സവ വേദിയിൽ ലഭിക്കുന്ന ഈ അംഗീകാരം ചരിത്രപരമായ തിരുത്തലും കലയുടെ യഥാർത്ഥ ജനാധിപത്യവത്ക്കരണവുമാണെന്ന് മന്ത്രി പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീർഘകാലം തദ്ദേശീയ ജനവിഭാഗങ്ങളുടെ തനത് കലകൾ മത്സര വിഭാഗങ്ങളിൽ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് തദ്ദേശീയ കലാരൂപങ്ങൾ കലോത്സവത്തിൽ മത്സരയിനമാക്കിയത്. കലാരൂപങ്ങളെ നെഞ്ചോട് ചേർക്കുന്ന ഈ കാഴ്ച നവകേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ അടയാളമാണെന്നും, പങ്കെടുത്ത എല്ലാ കലാപ്രതിഭകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

കലോത്സവ മാന്വൽ പരിഷ്കരിച്ച് ഗോത്രകലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന സർക്കാർ തീരുമാനം ശരിയായ ദിശയിലായിരുന്നുവെന്നതിന് തെളിവാണ് വേദികളിലെ തിരക്കും ആവേശവും. പൂരനഗരിയിൽ വൻ ജനപങ്കാളിത്തത്തോടെയാണ് മലപുലയ ആട്ടം അരങ്ങേറുന്നത്. പ്രാദേശിക കലാരൂപങ്ങളെ നെഞ്ചോട് ചേർക്കുന്ന ഈ കാഴ്ച നവകേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ അടയാളമാണെന്നും, പങ്കെടുത്ത എല്ലാ കലാപ്രതിഭകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വേദി കലയുടെ ആഘോഷം മാത്രമായിരുന്നില്ല അത് ഉൾക്കൊള്ളലിന്റെ വേദിയുമായിരുന്നു. തദ്ദേശീയ കലാരൂപങ്ങൾ ആസ്വദിക്കാനായി ഇരിങ്ങാലക്കുട കല്ലേറ്റുംകര നിപ്മറിലെ ഭിന്നശേഷി കുട്ടികളും വേദിയിലെത്തി. ഏകദേശം നാൽപതോളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സംഘം ആവേശത്തോടെ കലാരൂപം ആസ്വദിച്ചു. മന്ത്രി വി ശിവൻകുട്ടിയും അവർക്കൊപ്പമുണ്ടായിരുന്നു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതോടൊപ്പം അതിനെ ഭാവിയിലേക്ക് കൈമാറുന്ന ഒരു വലിയ ചുവടായിത്തീർന്നിരിക്കുകയാണ് ഈ കലോത്സവം.