പാലക്കാട് മലമ്പുഴയിലെ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതിനെത്തുടർന്ന് പ്രദേശത്ത് കൂട് സ്ഥാപിക്കുന്ന കാര്യം വനംവകുപ്പ് ആലോചിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സർക്കാർ സ്കൂൾ പരിസരത്ത് ആദ്യമായി പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചത്. തുടർന്ന് വനം, ആർ.ആർ.ടി. സംഘങ്ങളുടെ നിരീക്ഷണവും ക്യാമറകളും സ്ഥാപിച്ചു. വനംവകുപ്പിന്റെ ക്യാമറയിൽ ചിത്രം പതിഞ്ഞില്ലെങ്കിലും, സമീപത്തെ സി.സി.ടി.വി.യിൽ നിന്ന് പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. വ്യാഴാഴ്ച വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ, ഇവിടെ എത്തിയത് പുലിയാണെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മലമ്പുഴയിൽ പുലിയെ കണ്ടതിനെത്തുടർന്ന് പ്രദേശത്തേക്കുള്ള രാത്രിയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതിനൊപ്പം സ്കൂളുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ വരുത്തി. ഇന്നലെ രാത്രി 8 മണിയോടെ പുലി റോഡ് മുറിച്ചു കടക്കുന്നത് കണ്ടെന്ന് നാട്ടുകാർ അറിയിച്ചു. മലമ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പുലി എത്തിയിരിക്കുന്നത്. പ്രദേശത്ത് എത്രയും പെട്ടെന്ന് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം എന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
